ദൂബായ്: ഏഷ്യാക്കപ്പിൽ ബംഗ്ലാദേശിനെതിരെ ഒരു വശത്ത് ഇന്ത്യയുടെ വിക്കറ്റുകൾ ചറ പറാ വീഴുന്നു. മറുവശത്ത് കൃത്യമായ പിൻതുണ ലഭിക്കാതെ ഹാർദിക് പാണ്ഡ്യ ഉഴറുന്നു. ഇന്ത്യയുടെ അഞ്ചാം വിക്കറ്റായി തിലക് വർമ്മ 14.3 ആം ഓവറിൽ മടങ്ങുമ്പോൾ ആരാധകരും കളി എഴുത്തുകാരും സഞ്ജുവിന്റെ വരവ് പ്രതീക്ഷിച്ചു. എന്നാൽ, അവിടെ എത്തിയത് ബൗളിംങ് ഓൾറൗണ്ടറായ അക്‌സർ പട്ടേൽ..! അവസാന 33 പന്തുകളിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ചതാകട്ടെ 39 റൺ മാത്രം.. അക്‌സറിന്റെ നേട്ടം 15 പന്തിൽ 10 റണ്ണും.
സഞ്ജുവിനോടുള്ള ഇന്ത്യൻ ടീമിന്റെ അവഗണനയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ആരാധകർ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ഓപ്പണറായും, വൺഡൗണായും കളിയ്ക്കുന്ന ഒരു താരത്തെയാണ്, ഓപ്പണറായി ഇറങ്ങി തുടർച്ചയായി മൂന്നു സെഞ്ച്വറി നേടിയ താരത്തെയാണ് ഇപ്പോൾ ആറാം സ്ഥാനത്ത് പോലും ഇറക്കാതെ അപമാനിച്ചിരിക്കുന്നതെന്നതാണ് വിമർശനമായി ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച തുടക്കം നൽകിയ അഭിഷേക് (75) – ഗിൽ (29) കൂട്ടുകെട്ടിനു ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത് ശിവംദുബൈ ആയിരുന്നു. വൺഡൗണായി എത്തിയ ദുബൈ വന്നത് പോലെ മടങ്ങിയപ്പോഴും ആരാധകർ സഞ്ജുവിന്റെ എൻട്രി പ്രതീക്ഷിച്ചു. തന്റെ സ്ഥാനം ദുബൈയ്ക്കായി മാറ്റി വച്ച ക്യാപ്റ്റൻ സൂര്യയാണ് പക്ഷേ പിന്നാലെ എത്തിയത്. എന്നാൽ, പതിവ് ടച്ച് കിട്ടാൻ വിഷമിച്ച സൂര്യയുമായുള്ള ആശയക്കുഴപ്പത്തിലാണ് തകർത്തടിച്ച അഭിഷേക് റണ്ണൗട്ടായത്.
ആ സമയത്ത് എങ്കിലും സഞ്ജു എത്തിയിരുന്നു എങ്കിൽ ഇന്ത്യൻ സ്‌കോർ 170 കടക്കാതെ അവസാനിക്കില്ലായിരുന്നുവെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്. സൂര്യയ്ക്ക് ശേഷം ഇറങ്ങിയവരിൽ പാണ്ഡ്യയും (38) , പട്ടേലും (10) ഒഴികെ മറ്റാരും രണ്ടക്കം പോലും കടന്നില്ല. ഇതെല്ലാം കണക്ക് കൂട്ടുമ്പോഴാണ് ഇന്ത്യ ബാറ്റിംങ് റിസ്‌കായ കണ്ടീഷനിൽ പ്രോപ്പറായ ടെക്‌നിക്കുകൾ കൈവശമുള്ള ഒരു ബാറ്ററെ എന്തുകൊണ്ട് ബാറ്റിംങിന് ഇറക്കിയില്ലെന്ന ചോദ്യം ഉയരുന്നത്. ഏതായാലും 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 168 റണ്ണാണ് ബംഗ്ലാദേശിന് എതിരെ ഉയർത്തിയത്.
സഞ്ജുവിനെതിരെയുള്ള അവഗണന സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പലരും സഞ്ജു ടീം തന്നെ ഉപേക്ഷിക്കണമെന്ന രീതിയിൽ തന്നെ വാദം ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ഇനി എത്രകാലം സഞ്ജുവിന് കളിക്കാനാവും എന്നാണ് ഇവർ ചോദിക്കുന്നത്. 30 കഴിഞ്ഞ സഞ്ജുവിനെ പരമാവധി തഴഞ്ഞ് അവസരങ്ങൾ ഇല്ലാതാക്കി പ്രതിഭയെ നശിപ്പിക്കുകയാണ് എന്നും ചിലർ വാദിക്കുന്നുണ്ട്. ഏതായാലും സോഷ്യൽ മീഡിയ കത്തിക്കുന്ന വിവാദമായി സഞ്ജുവിന്റെ സ്ഥാനം മാറിയിട്ടുണ്ട്.


