ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായതായി മെഡിക്കൽ സംഘം അറിയിച്ചു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.”ഡോക്ടർമാർ പേസ്‌മേക്കർ ഘടിപ്പിക്കാൻ നിർദേശിച്ചിരുന്നു. തുടര്‍ന്ന് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖമായിരിക്കുന്നു. എല്ലാവരുടെയും ആശംസകൾക്ക് നന്ദി,” — എന്ന് പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.
പ്രായസഹജമായ ആരോഗ്യപ്രശ്നങ്ങളും ശ്വാസ തടസ്സവും കാരണം പേസ്‌മേക്കർ ആവശ്യമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിനാണ് ശസ്ത്രക്രിയ നിർദ്ദേശിച്ചതെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.കടുത്ത പനിയെ തുടർന്ന് ഇന്നലെ ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഖാർഗെയെ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം പാലിക്കണമെന്ന നിർദേശം ഡോക്ടർമാർ നൽകിയിട്ടുണ്ട്.ഖാർഗെയെ കാണാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി.


