അഹമ്മദാബാദ്: ഇന്ത്യയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ തോൽവി ഉറപ്പിച്ച് വെസ്റ്റ് ഇൻഡീസ്. മൂന്നാം ദിനം അവസാനം വരെ കളി പോകുമോ എന്നത് മാത്രമാണ് ഇനി ആകാംഷയായി തുടരുന്നത്. ആദ്യ ഇന്നിംങ്സിൽ 162 ന് എല്ലാവരും പുറത്തായ വെസ്റ്റ് ഇൻഡീസിന് എതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺ എടുത്ത് ഡിക്ലയർ ചെയ്തിരുന്നു. 288 റൺ എന്ന ലക്ഷ്യം മറികടന്ന് ഇന്നിംങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ലഞ്ചിന് പിരിയുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.
മൂന്നാം ദിനം ബാറ്റിംങിന് ഇറങ്ങും മുൻപ് തന്നെ ഇന്ത്യ ഡിക്ലയർ ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ബാറ്റിംങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് അൽപ നേരം പിടിച്ച് നിന്നെങ്കിലും സിറാജ് തന്നെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ടാഗ് നരൈൻ ചന്ദ്രപോളിനെ (8) വീഴ്ത്തിയ സിറാജ് തന്നെയാണ് രണ്ടാം ഇന്നിംങ്സിലും വിൻഡീസിനെ വീഴ്ത്തി തുടങ്ങിയത്. സ്കോർ ബോർഡിൽ ഈ സമയം 12 റൺ മാത്രമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കോർ ബോർഡിൽ 12 റൺ കൂടി ചേർത്തപ്പോഴേയ്ക്കും ജഡേജ അവതരിച്ചു. ജോൺ കാമ്പലിനെ (14) സായ് സുദർശന്റെ കയ്യിൽ എത്തിച്ച് ജഡേജ ആഞ്ഞടിച്ചു. പത്ത് റൺ കൂടി കഷ്ടപ്പെട്ട് കൂട്ടിച്ചേർത്ത വെസ്റ്റ് ഇൻഡീസിന് മുന്നിൽ വീണ്ടും വില്ലനായി ജഡേജ എത്തി. പ്രതിരോധിച്ച് കളിച്ച ബ്രണ്ടൻ കിംങ് (18) രാഹുലിന്റെ കൈകളിൽ എത്തി. ഒരു റൺ കൂടി ചേർത്ത വെസ്റ്റ് ഇൻഡീസിന് പിന്നാലെ നഷ്ടമായത് റോസ്റ്റൺ ചേസിനെ (1) ആയിരുന്നു. കുൽദീപ് യാദവിന്റെ പന്തിൽ ചേസ് ക്ലീൻ ബൗൾഡ് ആകുകയായിരുന്നു.
സ്കോർ 46 ൽ എത്തി നിൽക്കെ ഷായ് ഹോപ്പിനെ (1) മിന്നും ക്യാച്ചിലൂടെ പുറത്താക്കിയ ജയ്സ്വാൾ ജഡേജയുടെ വിക്കറ്റ് നേട്ടം മൂന്നാക്കിയും വെസ്റ്റ് ഇൻഡീസിന്റെ നഷ്ടം അഞ്ചാക്കിയും ഉയർത്തി. ലഞ്ചിന് പിരിയുമ്പോൾ അലിക് അത്താൻസെ (27), ജസ്റ്റിൻ ഗ്രീവ്സ് (10) എന്നവരാണ് ക്രീസിൽ. ജഡേജ മൂന്നും, സിറാജും, കുൽദീപും ഓരോ വിക്കറ്റും വീതം വീഴ്ത്തി.


