കോട്ടയം: ലക്ഷദ്വീപിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്രയവും അത്താണിയുമാകുന്ന മുസ്ലീം ലീഗ് സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം അസീസ് കുമാരനല്ലൂരിന് കുവൈറ്റിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗമായിരിക്കെ ലക്ഷദ്വീപ് നിവാസികൾക്ക് അടക്കമുള്ള സാധാരണക്കാരായ രോഗികൾക്ക് നൽകിയ സേവന പ്രവർത്തനങ്ങൾക്കായുള്ള അംഗീകാരം എന്ന നിലയിലാണ് ഇദ്ദേഹത്തിന് സ്വീകരണം നൽകിയത്. വേൾഡ് മലയാളി അസോസിയേഷൻ കുവൈറ്റ് ഘടകം, കോട്ടയം കുവൈറ്റ് മലയാളി അസോസിയേഷൻ, കുവൈറ്റ് സൗത്ത് സോൺ കെ.എം.സി.സി സംഘടനകളാണ് വിവിധ പരിപാടികളിലൂടെ ഇദ്ദേഹത്തിന് സ്വീകരണം നൽകിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗമായി പ്രവർത്തിക്കുന്ന അസീസ് കുമാരനല്ലൂർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയും, ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു വേണ്ടിയും വലിയ സേവനങ്ങളാണ് അസീസ് കുമാരനല്ലൂർ നടത്തുന്നതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ സേവന പ്രവർത്തനങ്ങൾക്കു നന്ദി എന്ന നിലയിലാണ് ഇദ്ദേഹത്തിന് സ്വീകരണം നൽകിയതെന്നും ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റ് കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയുടെ സാന്നിധ്യത്തിൽ ജില്ലാ നേതാക്കൾ ഉപഹാരം കൈമാറി. കുവൈറ്റ് കെഎംസിസി പ്രസിഡന്റ് നാസർ മശൂർ തങ്ങൾ, ജന സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരീസ് വള്ളിയോത് സൗത്ത് സോൺ പ്രസിഡന്റ് ഹബീബ് റഹ് മാൻ, ട്രഷറർ ആരിഫ് മുഹമ്മദ്, സെക്രട്ടറി റഹിം കൂടത്തിനാൽ, കൗൺസിലർ താഹ തൊടുപ്പുഴ എന്നിവർ സന്നിഹതരായിരുന്നു.






