ന്യൂഡൽഹി: ഇന്ത്യയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ പ്രതിരോധിച്ച് പിടിച്ചു നിന്നെങ്കിലും ഫോളോ ഓൺ ഒഴിവാക്കാനാവാതെ വെസ്റ്റ് ഇൻഡീസ്. 270 റണ്ണിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ് വഴങ്ങിയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിംങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 518 റണ്ണിനെതിരെ 248 ന് വെസ്റ്റ് ഇൻഡീസിന്റെ എല്ലാവരും പുറത്തായി.
രണ്ടാം ദിനം നാലു വിക്കറ്റിന് 140 എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച വെസ്റ്റ് ഇൻഡീസ് എത്രത്തോളം മുന്നോട്ട് പോകുമെന്ന ആശങ്കയാണ് ഉയർന്നിരുന്നത്. മൂന്നാം ദിവസത്തിലെ ലഞ്ച് വരെയെങ്കിലും പിടിച്ചു നിൽക്കാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ട സ്ഥലത്ത് നിന്ന് നൂറിനു മുകളിൽ റണ്ണെടുക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചു. ലഞ്ചിനു പിരിയുമ്പോൾ 217 ന് എട്ട് എന്ന നിലയിലായിരുന്ന വെസ്റ്റ് ഇൻഡീസ് വാലറ്റം നടത്തിയ ചെറുത്തു നിൽപ്പിലൂടെയാണ് 248 റണ്ണിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ദിനം ആദ്യം വെസ്റ്റ് ഇൻഡീസിനു നഷ്ടമായത് ഷായ് ഹോപ്പിന്റെ വിക്കറ്റായിരുന്നു. 57 പന്തിൽ 36 റൺ എടുത്ത ഹോപ്പിനെ കുൽദീപ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. 163 ൽ ടെൽവിൻ ഇൽമ്മാച്ചിനെയും (21), 174 ൽ ജസ്റ്റിൻ ഗ്രീവ്‌സിനെയും (17) കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. സ്‌കോർ 175 ൽ നിൽക്കെ വാരിക്കാനെ(1) ക്ലീൻ ബൗൾഡ് ചെയ്ത് സിറാജ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 175 ന് എട്ട് എന്ന നിലയിൽ തകർന്നതോടെ, അതിവേഗം വെസ്റ്റ് ഇൻഡീസ് പ്രതിരോധം അവസാനിക്കുമെന്നായി ഇന്ത്യൻ പ്രതീക്ഷ. എന്നാൽ, ഖായി പിയേറിയും (23), ആൻഡേഴ്‌സൺ ഫിലിപ്പും (24), ജയഡാൻ സീൽസും (13) ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് ലീഡ് ഭാരം കുറച്ചത്. പിയേറിയെ ബുംറയും, ജയ്ഡാൻ സീൽസിനെ കുൽദീപും വീഴ്ത്തിയതോടെ വെസ്റ്റ് ഇൻഡീസ് പ്രതിരോധം അവസാനിച്ചു. ഫോളോ ഓൺ ചെയ്ത് ബാറ്റിംങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റൺ എടുത്തിട്ടുണ്ട്.

