കോഴിക്കോട് :നാട്ടുകാർക്ക് മുന്നിൽ പൊറോട്ടയുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ചെറുപ്പക്കാരൻ, എന്നാൽ അതിൻ്റെ മറവിൽ എംഡിഎംഎ വ്യാപാരമെന്ന ഞെട്ടിക്കുന്ന വസ്തുത. നഗരത്തിലെ ഫ്രാൻസിസ് റോഡിനടുത്ത് പി.പി. ഹൗസിൽ താമസിക്കുന്ന കെ.ടി. അഫാം (24) ആണ് പൊലീസ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ പൊലീസ് സംഘവും ചേർന്നാണ് അഫാമിൻ്റെ വീട് റെയ്ഡ് ചെയ്തത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.പൊറോട്ടയുണ്ടാക്കി സമീപത്തെ ഹോട്ടലുകളിൽ വിതരണം ചെയ്യലാണ് അഫാമിൻ്റെ പതിവ് ജോലി. എന്നാൽ, പൊറോട്ട വാങ്ങാനെന്ന വ്യാജേന പലരും വീട്ടിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ, പൊറോട്ടക്കച്ചവടത്തിൻ്റെ മറവിൽ ലഹരി വ്യാപാരം നടക്കുന്നതായി തെളിഞ്ഞു.അഫാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


