പത്തനംതിട്ട :
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാ൪ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ട൪, ഇലക്ട്രിക് വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. പത്തനംതിട്ട പ്രകാശധാര സ്പെഷ്യല്‍ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. 10 പേര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറും, ആറ് പേര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും വിതരണം ചെയ്തു. സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ട൪ നല്‍കുന്നതിനായി 11.37 ലക്ഷം രൂപയും ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കുന്നതിനായി 6.16 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് , വി.റ്റി അജോമോന്‍ പ്രകാശധാര സ്പെഷ്യല്‍ സ്കൂള്‍ ഡയറക്ടര്‍ റവ.ഫാ. റോയി സൈമണ്‍, സെക്രട്ടറി ഡോക്ടര്‍ .കെ ജെ മാത്യു , ട്രഷറര്‍ ഡോക്ടര്‍.കെ.സി മണി, ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം എസ് ശിവദാസ് എന്നിവർ പങ്കെടുത്തു.


