വിശ്വാസ സാഗരം സാക്ഷി. ചരിത്ര പ്രസിദ്ധമായ പരുമല പെരുന്നാളിന് കൊടിയേറി

ചിത്രം : പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റുന്നു.

Advertisements

പരുമല : വെറ്റിലകൾ വാനിയേക്കുയർന്ന പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭാരതത്തിലെ പ്രഥമ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പള്ളിയിലും പരിശുദ്ധന്റെ കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് പെരുന്നാളിന് കൊടിയേറ്റിയത്. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, അസി. മാനേജർമാരായ ഫാ. ജെ. മാത്യുകുട്ടി ഫാ.ഗീവർഗീസ് മാത്യു പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ, വൈദികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെറ്റില വിതറി പരമ്പരാഗത രീതിയിലുള്ള കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് പമ്പാനദിയുടെ തീരത്തെ പരുമലമണ്ണിലേക്ക് ഒഴുകിയെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ദേവാലയത്തിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനായ്ക്ക് ഡോ.യൂഹാനോൻ മാർ ദീയ്സ്കോറോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.റവ ഡോ . എം. എസ് യൂഹാനോൻ റമ്പാൻ, റവ. യാക്കോബ് തോമസ് റമ്പാൻ എന്നിവർ സഹ കാർമികത്വം വഹിച്ചു.

പരിശുദ്ധ പരുമല തിരുമേനി ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ : പരിശുദ്ധ കാതോലിക്കാ ബാവാ

തീർത്ഥാടന വാരാഘോഷം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു :പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി 100 സ്വപ്നഭവനങ്ങൾ പ്രഖ്യാപിച്ചു

പരുമല : പരിശുദ്ധനായ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവ ചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തന്റെ സഭയ്ക്കും, ക്രൈസ്തവ സമൂഹത്തിനും വേണ്ടി മാത്രമല്ല, തന്റെ ചുറ്റുപാടുമുള്ള ഏവർക്കും വേണ്ടി ജീവിച്ച വിശുദ്ധനായിരുന്നു അദ്ദേഹം. സമൂഹത്തിൽ നില നിന്നിരുന്ന അസമത്വങ്ങൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ഏവരെയും വിദ്യ അഭ്യസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പരുമല തിരുമേനി പ്രത്യേക ശ്രദ്ധപുലർത്തി. മലയാളക്കരയ്ക്ക് വെളിച്ചം വിതറിയ പ്രകാശ ഗോപുരമായാണ് കാലം പരുമല തിരുമേനിയെ അടയാളപ്പെടുത്തുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ് കുമാർ മുഖ്യസന്ദേശം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി സഹോദരൻ പദ്ധതിയിലൂടെ നിർമ്മിച്ച് നൽകുന്ന സ്വപ്നഭവനങ്ങളുടെ പ്രഖ്യാപനം സമ്മേളനത്തിൽ വെച്ച് നടന്നു. 10 ലക്ഷം രൂപ ചെലവ് വരുന്ന 100 വീടുകളാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ലോഗോ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. 100 വീടുകൾക്കുള്ള ആദ്യ സംഭാവന റോണി വർഗീസ് ഏബ്രഹാമിൽ നിന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എം.പി., മാത്യു ടി. തോമസ് എം.എൽ.എ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, ഫാ.എം.സി പൗലോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, മാന്നാർ പഞ്ചായത്ത് പ്രസി‍ഡന്റ് ടി.വി രത്നകുമാരി, വാർഡ് മെമ്പർ വിമല ബെന്നി, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മത്തായി റ്റി വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി ജോർജ് പന്നായി കടവിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പരുമലയിൽ നാളെ ഒക്ടോബർ 27 ന്

പരുമല പളളിയിൽ ഇന്ന് രാവിലെ 7 ന് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽകുർബ്ബാന. 10 മണിക്ക് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 03.00 മണിക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും, കബറിങ്കൽ ധൂപപ്രാർത്ഥനയും.

Hot Topics

Related Articles