തിരുവാർപ്പ് : ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു . തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണ അനുവാദം വാങ്ങി സുമേഷ് പഴയ വീട് പൊളിച്ച് പുതിയ വീടിന്റെ നിർമ്മാണം നടന്നുവരികയാണ് . സുമേഷിന്റെ ഭാര്യയ്ക്കും സഹോദരിയ്ക്കും ഉടമസ്ഥാവകാശം ഉള്ള വേളൂർ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിര താമസം മാറ്റി എന്ന് കാണിച്ച് എൽഡിഎഫ് പ്രവർത്തകർ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നു.
തന്റെ നിലവിലുള്ള എല്ലാ രേഖകളും കാഞ്ഞിരത്തെ വിലാസത്തിൽ ആണെന്നും , കാഞ്ഞിരം എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ താൻ എല്ലാ ദിവസങ്ങളിലും താൻ പ്രതിനിധാനം ചെയ്യുന്ന വാർഡിൽ തന്നെ സ്ഥിതിചെയ്യുന്ന സ്കൂളിൽ ജോലിക്ക് എത്തുന്നതിന്റെ രേഖകളും , സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാൻ കഴിയാഞ്ഞതെന്നും , ഇപ്പോൾ നിലവിൽ താൻ കാഞ്ഞിരത്ത് തന്നെയുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും ഉള്ള രേഖകൾ ഒക്കെ ഹിയറിങ് സമയത്ത് കാണിച്ചിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടടുത്തുള്ള ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സുമേഷ് മത്സരികുമെന്ന ആലോചനയുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സുമേഷിനെതിരെ വ്യാജ പരാതി നൽകിയത് . സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയുടെ അംഗമായ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജശ്രീ റ്റി ആർ രാഷ്ട്രീയ പ്രേരിതമായി സുമേഷിനെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സി മുരളീ ക്യഷ്ണൻ അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വോട്ട് ചോർ പദ്ധതി സിപിഎം തിരുവാർപ്പിൽ നടപ്പിലാക്കി എന്നും അന്തസ്സുള്ള രാഷ്ട്രീയ മത്സരത്തിന് സിപിഎം തയ്യാറാകണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ അഭിപ്രായപ്പെട്ടു.


