കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്ന് ജസ്റ്റിസ് എ. ബദറുദീൻ നിരീക്ഷിച്ചു. ഇതൊരു പരിതാപകരമായ അവസ്ഥയാണെന്നും കോടതി വ്യക്തമാക്കി.ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും കോർപറേഷൻ മുൻ എംഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ സിബിഐക്ക് സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനെ കുറിച്ചായിരുന്നു കോടതി പ്രതികരിച്ചത്.
മൂന്നു തവണയാണ് സർക്കാർ അനുമതി അപേക്ഷ തള്ളിയത് 2020 ഒക്ടോബർ 15, 2025 മാർച്ച് 21, 2025 ഒക്ടോബർ 28 തീയതികളിൽ.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യനിയമനടപടി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. ഹർജിക്കാരനായ കടകംപള്ളി മനോജിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിന്റെ സമീപനത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചത്.“സർക്കാർ അഴിമതിക്കാരുടെ പക്ഷം പിടിക്കുന്നതാണ് കാണുന്നത്. ഇവരെ സംരക്ഷിക്കുന്നത് എന്തിന്? ഇതിന് പിന്നിൽ ആരാണ്?” കോടതി ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന്റെ സമീപനം കോടതിയലക്ഷ്യപരമാണെന്ന് കോടതിയും അഭിപ്രായപ്പെട്ടു.ഹർജിക്കാരന്റെ അഭിഭാഷകൻ, കേസിൽ ഉൾപ്പെട്ടവർ നിയമവാഴ്ചയെക്കാളും രാഷ്ട്രീയ മേലാളന്മാരെയാണ് അനുസരിക്കുന്നതെന്ന് വാദിച്ചു. ഒരാഴ്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.കശുവണ്ടി വികസന കോർപറേഷൻ 2006–2015 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്. 2016ൽ ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നടപടിക്രമങ്ങളിലുണ്ടായ വീഴ്‌ചകൾക്കപ്പുറം കൂടുതൽ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.


