കോട്ടയം: മണർകാട് നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ രാത്രികാലങ്ങളിൽ എത്തി മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ പരാതിയുമായി കടഉടമകൾ രംഗത്ത്. സ്ഥാപനങ്ങളിൽ നിരന്തരം മോഷണം നടന്നിട്ടും പൊലീസ് പ്രതിയെ കണ്ടെത്താനോ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കാനോ തയ്യാറാകുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മണർകാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മീൻ കടയിലും, ഇറച്ചിക്കടയിലും, വാഹന സർവീസ് സെന്ററിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മോഷണം ഉണ്ടായത്.
ഈ കടകളിൽ നിന്നെല്ലാം ആയിരം രൂപ മുതൽ 4000 രൂപ വരെ മോഷണം പോയിട്ടുണ്ടെന്ന് കട ഉടമകൾ പരാതിപ്പെടുന്നു. ഈ കടകളുടെ എല്ലാം പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നിരിക്കുന്നത്. തുടർന്ന് ഇതിനുള്ളിലുള്ള പണം അപഹരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇവിടെ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു വ്യാപാരികൾ കൈമാറിയിരുന്നു. ഇതേ തുടർന്ന് സ്ഥാപന ഉടമകൾ മണർകാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പ്രായപൂർത്തിയാകാത്ത വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിലപാട്. അതുകൊണ്ടു തന്നെ പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യാപാരികൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നൽകി കൂടുതൽ നടപടിയിലേയ്ക്കു കടക്കാനൊരുങ്ങുകയാണ്.


