പത്തനംതിട്ട: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയില്‍ ഡിസംബർ 2 ചൊവ്വാഴ്ച്ച മുതല്‍ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.ചോറ്, പരിപ്പ്, , അവിയല്‍, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകും. ഉച്ച 12 മുതല്‍ 3 വരെയാണ് സദ്യ വിളമ്ബുക. സ്റ്റീല്‍ പ്ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവില്‍ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാല്‍ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
“പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്ബി തുടങ്ങുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ വിശദീകരിച്ചു. സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നല്‍കും. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ച ആകുമ്ബോള്‍ തീർത്ഥാടനം സുഗമമായ നിലയില്‍ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.


