സാംസ്കാരിക പാരമ്പര്യം ദുബായിൽ പുനരാവിഷ്‌കരിക്കും:ദുബായ് കേരളോത്സവ ഒരുക്കങ്ങൾ പൂർത്തിയായി;നാടൻകലയുടെ നിറച്ചൂടോടെ കേരളോത്സവം ഡിസംബർ 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ദുബായ് :യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളികളുടെ സാംസ്കാരിക സംഘടനയായ ഓർമ്മയുടെ നേതൃത്വത്തിൽ ഡിസംബർ 1–2 തീയതികളിൽ കേരളോത്സവം സംഘടിപ്പിക്കുന്നു. ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാവും കേരളോത്സവത്തിന് വേദിയൊരുക്കുന്നത്. സംഘാടകർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്.ഡിസംബർ ഒന്നിന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisements

ഇന്ത്യൻ കോൺസുലേറ്റിലെ പ്രതിനിധികൾ, വ്യവസായ-സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.ഉദ്യോഗഭാരമുള്ള ആദ്യദിനത്തിൽ ഓർമ്മ വാദ്യസംഘം അവതരിപ്പിക്കുന്ന മേളം, 500 വനിതകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മെഗാ തിരുവാതിര, യുവഗായകരുടെ മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി എന്നിവ നടക്കും. രണ്ടാംദിനം ഗായകരായ വിധു പ്രതാപും രമ്യ നംബീശനും പങ്കെടുക്കുന്ന സംഗീതനിശയും രാജേഷ് ചേർത്തലയുടെ വാദ്യമേള ഫ്യൂഷനും അരങ്ങേറും.നൂറ് വർണക്കുടകൾ ഉൾപ്പെടുത്തിയ കുടമാറ്റം, ആനയും ആനച്ചമയവും സന്ദർശകർക്ക് ആകർഷകമാകും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട്, തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി, കോൽകളി, പൂരക്കളി, തുടങ്ങി അനേകം നാടൻ കലാരൂപങ്ങളും പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്റെ തനതായ നാടൻ രുചി വിഭവങ്ങളോടു കൂടിയ അഭ്യന്തരഭക്ഷണ സ്റ്റാളുകൾ ഉത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കും. സാഹിത്യസദസ്സിൽ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന സംവാദങ്ങൾ, കവിയരങ്ങ്, പുസ്തകശാല, പ്രശ്നോത്തരി എന്നിവ ഉൾപ്പെടും.മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികളുടെ സർഗവാസങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയും പുതുതായി ചേർക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.പ്രവാസികൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കായി നോർക, പ്രവാസി ക്ഷേമനിധി, നോർക കെയർ ഇൻഷുറൻസ് എന്നിവയുടെ സ്റ്റാളുകളും കെഎസ്‌എഫ്ഇ സ്റ്റാളും ഉത്സവപ്പറമ്പിൽ പ്രവർത്തിക്കും.

വാർത്താസമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ. കെ. കുഞ്ഞഹമ്മദ്, ഓർമ്മ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡൻറ് ഡോ. നൗഫൽ പട്ടാമ്പി, കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട്, വൈസ് പ്രസിഡൻറ് ജിജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles