തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമ നടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
അതേസമയം, ആദ്യത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. ഒളിവിലുള്ള രാഹുൽ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബാഗലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്.
അതേസമയം, പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ സിനിമാ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാർ എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ കാറിൽ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാർ രാഹുലിനെ ഏൽപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കാർ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രനും രംഗത്തെത്തി.


