മലയിൻകീഴ്:ആമച്ചലിൽ വഴിയാത്രക്കാരിയുടെ കൈയില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവ് കെ.എസ്.ആർ.ടി.സി ബസിനടിയില്‍പ്പെട്ട് മരിച്ചു.ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി സുനിതയുടെ മകൻ അഭിജിത്തിനാണ് (23) ദാരുണാന്ത്യം.രാവിലെ 5.45ന് ആമച്ചല്‍ മുസ്ലിം പള്ളിക്കു സമീപത്താണ് സംഭവം. കാട്ടാക്കട മുരളിയ ഡെയറിയിലെ ജീവനക്കാരനാണ് അഭിജിത്ത്. വീട്ടില്‍നിന്ന് ഡെയറിയിലേക്ക് പോവുകയായിരുന്നു.
റോഡിന്റെ വശത്തുകൂടി നടന്നുപോയ സ്ത്രീയുടെ കൈയില്‍ ബൈക്കിന്റെ ഹാൻഡില്‍ തട്ടുകയായിരുന്നു. ബൈക്ക് റോഡിന് ഇടതുവശത്തേക്കും അഭിജിത്ത് എതിർ ദിശയില്‍നിന്നു വന്ന ബസിനടിയിലേക്കുമാണ് വീണത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി.ബസിന്റെ ലൈറ്റ് കണ്ണില്‍ അടിച്ച് കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാട്ടാക്കട ഡിപ്പോയില്‍ നിന്ന് പ്ലാപ്പഴിഞ്ഞിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെ തുടർന്ന് ആളുകള്‍ കൂടിയെങ്കിലും ഒരു മണിക്കൂറോളം അഭിജിത്ത് റോഡില്‍ത്തന്നെ കിടന്നു. പൊലീസെത്തി നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ബൈക്ക് തട്ടി പരിക്കേറ്റ സ്ത്രീയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം 4 മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഒറ്റശേഖരമംഗലം കുന്നനാട് വെള്ളംകൊല്ലി വീട്ടില്‍ പരേതനായ ചന്ദ്രനാണ് പിതാവ്. സഹോദരൻ : ശ്രീജിത്ത്.


