കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസുകളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും.ഇ.ഡിക്ക് ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നതിൽ നിയമപരമായ തടസമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇ.ഡി നടത്തുന്ന അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ) പരിധിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ നിലവിൽ പുരോഗമിക്കുന്ന അന്വേഷണത്തെ അത് ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുകയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനായാണ് രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇരു വാദങ്ങളും കേട്ട കോടതി, അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയാനായി മാറ്റിവെച്ചു.


