കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് നീക്കം. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.കേസില്‍ വിധി വന്നതിന് പിന്നാലെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. വിചാരണ കാലയളവില്‍ മാര്ട്ടിന് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.വീഡിയോയില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മാര്ട്ടിന് ആന്റണിയുടെ വെളിപ്പെടുത്തലെന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് വീഡിയോയിലുള്ളത്. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയാണ് സംഭവമെന്ന വാദവും വീഡിയോയില്‍ ഉന്നയിക്കുന്നുണ്ട്.പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര് വീഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാര്ട്ടിന് ആന്റണിയെ വിചാരണക്കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു
അതേസമയം, കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന് അപ്പീല്‍ നടപടികള്‍ ആരംഭിച്ചു. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും അപ്പീലില്‍ ചോദ്യം ചെയ്യുന്നത്. അപ്പീലുമായി ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.


