പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റില്‍. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്.2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശ്രീകുമാർ. ഹെെക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിർദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.അതേസമയം, ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ പത്മകുമാറിന്റെ ജുഡീഷ്യല്‍ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസില്‍ എസ്ഐടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്ഐടി കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.
പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന എസ്ഐടിയുടെ ആവശ്യം പരിഗണിച്ചാണിത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.


