തിരുവനന്തപുരം:ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻകാർഡുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. ഭക്ഷ്യവകുപ്പിന്റെ റേഷൻകാർഡ് മാനേജിങ് സിസ്റ്റമായ (ആർസിഎംഎസ്) തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ ക്ലാർക്കും റേഷനിങ് ഇൻസ്പെക്ടറും ഉപയോഗിക്കുന്ന ലോഗിൻ ഐഡിയും പാസ്വേഡും ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വഞ്ചിയൂർ പൊലീസാണ് കേസ് അന്വേഷിച്ചുവരുന്നത്. ഇതുവരെ ബീമാപള്ളിയിലെ റേഷൻകട ലൈസൻസിയായ സഹദ് ഖാനും, ബീമാപള്ളി ബി.എഫ്.എ ജംക്ഷനിൽ ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ഹസീബ് ഖാനും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബീമാപള്ളി മേഖലയിലെ നൂറ്റിയൻപതോളം ആളുകളിൽ നിന്ന് പണം വാങ്ങി, മുൻഗണനാ റേഷൻകാർഡുകൾക്കായി ഓൺലൈൻ സംവിധാനത്തിലൂടെ ഇരുവരും അനധികൃതമായി അംഗീകാരം നേടിയെടുത്തതായാണ് പൊലീസ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജ കാർഡുകൾ നിർമ്മിച്ചതായി മറ്റ് പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സംഭവം അതീവ ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഭക്ഷ്യവകുപ്പ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും, കേസ് വിജിലൻസ് അന്വേഷണത്തിന് വിട്ടുതരാൻ തീരുമാനിക്കുകയുമായിരുന്നു.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഇതുവരെ പിടിയിലായിട്ടില്ല. കണ്ടെത്തിയ എല്ലാ വ്യാജ റേഷൻകാർഡുകളും റദ്ദാക്കിയതിനെ തുടർന്ന്, അവയിൽ ഉൾപ്പെട്ട അഞ്ഞൂറോളം പേർക്ക് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സഹദ് ഖാന്റെ റേഷൻകട ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.


