തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ ഭരണചുമതല ആദ്യമായി ബിജെപിക്ക്. തിരുവനന്തപുരം കോർപ്പറേഷന്റെ പുതിയ മേയറായി ബിജെപി നേതാവ് വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 101 വാർഡുകളുള്ള കോർപ്പറേഷനിൽ 50 സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കണ്ണമ്മൂല വാർഡിൽ നിന്നുള്ള സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷമായ 51 വോട്ടുകൾ രാജേഷിന് ലഭിച്ചത്.ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിലായിരുന്നു മേയർ തെരഞ്ഞെടുപ്പ് നടപടികൾ. ഇതോടെ തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ മേയർ അധികാരത്തിൽ എത്തി.വി.വി. രാജേഷ് രണ്ടാം തവണയാണ് കോർപ്പറേഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂജപ്പുര വാർഡിൽ നിന്നാണ് അദ്ദേഹം വിജയിച്ചിരുന്നത്. ഇത്തവണ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിജയം നേടിയത്.1996 കാലഘട്ടത്തിൽ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന രാജേഷ് പിന്നീട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്.


