പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിൽ പരാമർശിക്കപ്പെട്ട ഡി. മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. ഇതിന്റെ ഭാഗമായി ഡി. മണിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എസ്‌ഐടി പരിശോധന നടത്തി. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി. മണിയുടെ വീട്ടിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് പരിശോധന ആരംഭിച്ചത്.ബാലമുരുകൻ എന്നാണ് ഡി. മണിയുടെ യഥാർത്ഥ പേര്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മണി വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം സേർച്ച് വാറണ്ടുമായി പരിശോധനയ്ക്ക് ഇറങ്ങിയത്.
കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.അതേസമയം, ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള കേരളത്തിൽ നിന്നുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.


