ചിറ്റൂർ:പ്രാർഥനകൾ വിഫലമായി. ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹാന്റെ മൃതദേഹം വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് ലഭിച്ചത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കാണാതായി ഏകദേശം 21 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. വിവരം അറിഞ്ഞതോടെ നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങൾ തിരച്ചിലിൽ പങ്കെടുത്തു. കുട്ടിയുടെ വീടിനോട് ചേർന്ന് അഞ്ച് കുളങ്ങളുണ്ടായിരുന്നുവെന്നും ഇവിടങ്ങളിലും സമീപ പ്രദേശങ്ങളിലെ കിണറുകളിലും ഇന്നലെ തന്നെ പരിശോധന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.അമ്മ നിസ്കരിച്ചു കൊണ്ടിരുന്ന സമയത്ത് സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായാണ് വിവരം. കുട്ടിക്ക് അപസ്മാരം ഉണ്ടായിരുന്നുവെന്നും സംസാരശേഷിയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.


