ന്യൂഡൽഹി:കോൺഗ്രസ് വേദിയിൽ വീണ്ടും ദേശീയഗാനം തെറ്റിച്ചുപാടിയ സംഭവം വിവാദമായി. പാർട്ടിയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ദേശീയഗാനം തെറ്റായി ആലപിക്കപ്പെട്ടത്.കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയതിന് പിന്നാലെ ആലപിച്ച ദേശീയഗാനത്തിലാണ് പിഴവ് ഉണ്ടായത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നായി തെറ്റിച്ചുപാടുകയായിരുന്നു. പരിപാടിയിൽ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, പാലോട് രവി, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.ഇത് ആദ്യമായല്ല കോൺഗ്രസ് വേദിയിൽ ദേശീയഗാനം തെറ്റിക്കുന്നത്. ഇതിന് മുൻപ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ‘സമരാഗ്നി യാത്ര’യുടെ സമാപന സമ്മേളനത്തിൽ പാലോട് രവി ദേശീയഗാനം തെറ്റായി ആലപിച്ചതിനെതിരെ വലിയ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു.
തെറ്റ് ശ്രദ്ധയിൽപ്പെട്ട ടി. സിദ്ദിഖ് എംഎൽഎ ഇടപെട്ടാണ് അന്ന് പാലോട് രവിയെ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് തടഞ്ഞത്.അന്ന് ഉണ്ടായതേ അതേ പിഴവാണ് ഇപ്പോഴും ആവർത്തിച്ചതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് പോലുള്ള ദേശീയ പാർട്ടിയുടെ വേദിയിൽ വീണ്ടും വീണ്ടും ഇത്തരം പിഴവുകൾ സംഭവിക്കുന്നതിൽ വിമർശനം ശക്തമാകുകയാണ്.


