തിരുവനന്തപുരം:കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിയുടെ പേരിൽ ആഘോഷപൂർവ്വം ആരംഭിച്ച നവകേരള ഫെല്ലോഷിപ്പ് പദ്ധതി നിലച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു. ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റീസ്’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.യുജിസി അംഗീകാരം ലഭിച്ച സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം.അതേസമയം, നവകേരള ഫെല്ലോഷിപ്പിന് ലഭിച്ചിരുന്ന തുകയോളം സഹായം പുതിയ ഫെല്ലോഷിപ്പിൽ ലഭിക്കില്ല.
നവകേരള ഫെല്ലോഷിപ്പ് പദ്ധതിയിൽ രണ്ട് വർഷത്തേക്ക് പ്രതിമാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ച് വർഷത്തിനുള്ളിൽ 500 പേർക്ക് ഫെല്ലോഷിപ്പ് നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.എന്നാൽ സോഷ്യൽ സയൻസ് അടക്കമുള്ള പല ഡിസിപ്ലിനുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തെ ചില ഉന്നതരുടെ ബന്ധുക്കൾക്കും പാർട്ടിയുമായി ബന്ധപ്പെട്ടവർക്കുമാണ് ഫെല്ലോഷിപ്പ് ലഭിക്കുന്നതെന്ന ആരോപണം ശക്തമായി ഉയർന്നു. യോഗ്യതയുള്ള നിരവധി പേർ പുറത്തായതും വലിയ വിവാദങ്ങൾക്ക് ഇടയാക്കി.ഇതിനിടെ, നവകേരള ഫെല്ലോഷിപ്പിന്റെ കുടിശ്ശികയും വാർത്തയായി. ചിലർക്കു ഒൻപതു ലക്ഷം രൂപ വരെ കുടിശ്ശികയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ചും ആറും ലക്ഷം രൂപ കുടിശ്ശികയുള്ളവരാണ് ഭൂരിഭാഗവും. ഇതുവരെ മൂന്നു തവണ മാത്രമാണ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. മൂന്നു ബാച്ചുകളിലായി 105 പേരാണ് ഫെല്ലോഷിപ്പിന് അർഹരായത്.വർഷത്തിൽ 100 പേർക്ക് വീതം അഞ്ച് വർഷത്തിൽ 500 പേർക്ക് ഫെല്ലോഷിപ്പ് നൽകുമെന്ന പ്രഖ്യാപനം ഇതോടെ പാഴായി. ആദ്യ ബാച്ച് 2022-ലും, രണ്ടാം ബാച്ച് 2023-ലും ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024-ലാണ് മൂന്നാമത്തെ ബാച്ച് തുടങ്ങിയത്. തുടർന്ന് അപേക്ഷ ക്ഷണിച്ചിട്ടില്ല.ഇതിന് പിന്നാലെയാണ് പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപനം. പുതിയ പദ്ധതിയിൽ പ്രതിമാസം 20,000 രൂപ വീതം, ഒരുവർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെല്ലോഷിപ്പായി അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഫെല്ലോഷിപ്പ് ഇടയ്ക്ക് കുടിശ്ശികയാകുന്നത് ഒഴിവാക്കുന്നതിനായാണ് തുക ഒറ്റത്തവണയായി നൽകുന്നതെന്നാണ് വിശദീകരണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ സർവകലാശാലകളുടെയോ മറ്റ് ഫെല്ലോഷിപ്പുകളോ സാമ്പത്തിക സഹായങ്ങളോ ലഭിക്കുന്നവർക്ക് ഈ ഫെല്ലോഷിപ്പിന് അർഹതയുണ്ടാകില്ല. ഫെല്ലോഷിപ്പുകളുടെ 30 ശതമാനം പെൺകുട്ടികൾക്കും, 5 ശതമാനം ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ജനുവരി 15-ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം–33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.


