ഇന്ന് മന്നം ജയന്തി:മലയാളനാടിന്റെ സാമൂഹ്യ വഴികാട്ടിയെ അനുസ്മരിച്ച് കേരളം;മന്നത്തിന്റെ ദർശനം ഇന്നും വഴികാട്ടി

ന്യൂസ്‌ ഡെസ്ക് :മലയാള നാടിന്റെ സാമൂഹ്യ ചരിത്രത്തിൽ സൂര്യ തേജസ്സോടെ ജ്വലിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണ് ഇന്ന്. സമുദായ ഉദ്ധാരണത്തിനും സാമൂഹിക സമത്വത്തിനുമായി ജീവിതം മുഴുവൻ സമർപ്പിച്ച മന്നം, നായർ സമുദായത്തിന്റെ ആചാര്യൻ എന്നതിലുപരി കേരള സമൂഹത്തിന്റെ മാർഗദർശിയായി ചരിത്രത്തിൽ ഇടം നേടി.നാശോന്മുഖമായിരുന്ന തന്റെ സമുദായത്തെ ശക്തിപ്പെടുത്തുകയെന്നതായിരുന്നു മന്നത്തിന്റെ മുഖ്യലക്ഷ്യം. കരുത്തിന്റെയും പരിശ്രമത്തിന്റെയും സ്വപ്നങ്ങൾ വിതച്ചുകൊണ്ട്, സ്വയം ഉയർന്ന് നിൽക്കാൻ അദ്ദേഹം ജനങ്ങളെ പ്രാപ്തരാക്കി. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു സമുദായത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല ജാതി–മതഭേദമന്യേ അവശരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മന്നം.

Advertisements

1914 ഒക്‌ടോബർ 31ന് ചങ്ങനാശേരിയിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ചുകൊണ്ട്, അധീശ ശക്തികൾക്കും സാമൂഹിക അനീതികൾക്കുമെതിരെ സംഘടിതമായ പോരാട്ടത്തിന് അദ്ദേഹം തുടക്കമിട്ടു. “ഇതര സമുദായങ്ങളെ ക്ഷോഭിപ്പിക്കുന്ന യാതൊരു പ്രവർത്തിയും ചെയ്യുകയില്ല” എന്ന പ്രതിജ്ഞ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു മന്നത്തിന്റേത്.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടമാണ് മന്നത്തിന്റെ സാമൂഹ്യ ഇടപെടലുകളുടെ കേന്ദ്രബിന്ദു. താലികെട്ട്, മരുമക്കത്തായം, വാലായ്‌മ (പുല) തുടങ്ങിയ അസമത്വപരമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചു. പുലാചരണത്തിലെ ജാതിവ്യത്യാസങ്ങൾ ചോദ്യം ചെയ്ത് കോടതിവരെ പോരാടിയ മന്നം, മനുഷ്യസമത്വത്തിന്റെ ശക്തമായ വക്താവായി മാറി.അയിത്തോച്ചാടനത്തിനും അധഃകൃത വിഭാഗങ്ങളുടെ ഉന്നമനത്തിനും മന്നം നൽകിയ പിന്തുണ കേരള നവോത്ഥാനത്തിലെ നിർണായക അധ്യായമാണ്. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യം പ്രജാസഭയിൽ ഉന്നയിച്ച ആദ്യനേതാക്കളിലൊരാളായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ ഊന്നൽ കാലത്തേക്കാൾ മുന്നേ നടന്ന ചിന്തയായിരുന്നു.അടിസ്ഥാന വിദ്യാഭ്യാസം മാത്രമായിരുന്നുവെങ്കിലും, രാഷ്ട്രീയ ദൂരദർശിത്വവും ദേശീയ വീക്ഷണവും മന്നത്തിന്റെ സവിശേഷതയായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിർമ്മാണത്തിന് നേതൃത്വം നൽകി അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനായി.സ്വന്തമായി ഒന്നും സമ്പാദിക്കാതെ, സമൂഹത്തിനായി മാത്രം ജീവിച്ച മന്നത്തിന്റെ കൈവശം ജീവിതാവസാനം ഉണ്ടായിരുന്നത് കുറച്ച് സ്വകാര്യ വസ്തുക്കൾ മാത്രം. എന്നാൽ അദ്ദേഹത്തിന്റെ യശസും ആശയങ്ങളും ഇന്നും കേരളത്തിന്റെ സാമൂഹ്യ പുനരുദ്ധാനത്തിന് ദിശാബോധം നൽകുന്നു.

Hot Topics

Related Articles