കോട്ടയത്ത് തിരുവഞ്ചൂർ തന്നെ തുടരും..! കെ.സുരേഷ് കുറുപ്പിനെയോ കെ.അനിൽ കുമാറിനെയോ രംഗത്തിറക്കാൻ സി.പി.എം; അപ്രതീക്ഷിത വനിതാ സ്ഥാനാർത്ഥിയും വന്നേക്കാം; റെജിയെയും ഹരികുമാറിനെയും പരിഗണിച്ച് ബിജെപി; കോട്ടയം മണ്ഡലത്തിലോട്ടം ഇങ്ങനെ

കോട്ടയം: തുടർച്ചയായ നാലാം തവണയും എം.എൽ.എ സ്ഥാനം ഉറപ്പിയ്ക്കാൻ കോട്ടയത്ത് തിരുവഞ്ചൂർ തന്നെ മത്സരിച്ചേക്കും. കോട്ടയം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് – യുഡിഎഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അല്ലാതെ മറ്റൊരാളുടെ പേരു പോലും കോൺഗ്രസ് പരിഗണിക്കുന്നതേയില്ല. ആദ്യ തവണ നേരിയ ഭൂരിപക്ഷത്തിന് മന്ത്രി വി.എൻ വാസവനെ പരാജയപ്പെടുത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

Advertisements

ഇക്കുറിയും തിരുവഞ്ചൂരിന്റെ അല്ലാതെ മറ്റൊരാളുടെ പേര് പോലും കോൺഗ്രസ് കോട്ടയത്ത് ചർച്ചയ്ക്ക് പോലും എടുത്തിട്ടില്ല. ഏതെങ്കിലും കാരണവശാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വയം മാറി നിൽക്കുന്ന സാഹചര്യത്തിൽ മാത്രമേ മറ്റേതെങ്കിലും പേര് ചർച്ചയ്ക്ക് പോലും വരികയുള്ളു. കോട്ടയം നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പോലും സാധാരണക്കാർക്കിടയിലെ നിർണ്ണായക സ്വാധീനമാണ് തിരുവഞ്ചൂർ രാധാകൃഷ്ണനുള്ളത്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തോളം സ്വാധീനം ജില്ലയിലുള്ള മറ്റൊരു നേതാവിനെ കോട്ടയം നിയോജക മണ്ഡലത്തിലേയ്ക്ക് കണ്ടെത്താൻ സാധിക്കുകയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫിൽ കഴിഞ്ഞ തവണ മത്സരിച്ച സിപിഎം തന്നെയാകും ഇക്കുറിയും മത്സരിക്കുക എന്നാണ് സൂചന. സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ. അനിൽകുമാറിന്റെ പേരിന് തന്നെയാണ് പ്രഥമ പരിഗണ നൽകിയിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തവണ മണ്ഡലത്തിൽ മികച്ച മത്സരം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ സംരക്ഷണ പ്രവർത്തനങ്ങളും, ചാനൽ ചർച്ചകളും വഴി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇദ്ദേഹം ഇപ്പോഴും സജീവമായി തന്നെയുണ്ട്. ഈ സാഹചര്യത്തിൽ കെ.അനിൽകുമാറിനെ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന് സിപിഎം കണക്ക് കൂട്ടുന്നു.

മുതിർന്ന സിപിഎം നേതാവും ജനകീയനുമായ അഡ്വ.കെ. സുരേഷ് കുറുപ്പിന്റെ പേരിനാണ് മണ്ഡലത്തിൽ മറ്റൊരു പരിഗണനയുള്ളത്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കുറുപ്പ് കോട്ടയം ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസ് – യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് കോട്ടയത്ത് ഇപ്പോൾ ഇദ്ദേഹത്തെ തന്നെ സിപിഎം പരിഗണിക്കുന്നത്. ഐഷാ പോറ്റിയ്ക്ക് പിന്നാലെ സിപിഎമ്മിൽ നിന്നും മുതിർന്ന ഒരു നേതാവ് കോൺഗ്രസിലും യുഡിഎഫിലും എത്തുമെന്ന കോൺഗ്രസ് പ്രചാരണത്തിൽ പ്രധാന പേരുകാരൻ കെ.സുരേഷ് കുറുപ്പ് തന്നെയാണ്. ഈ സാഹചര്യത്തിലാണ് കോട്ടയം നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെ കരുത്തനായ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ കെ.സുരേഷ് കുറുപ്പിന്റെ പേര് പാർട്ടി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കോട്ടയം നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത വനിതാ സ്ഥാനാർത്ഥികളുടെ പേരുകളും എൽഡിഎഫ് പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എൻ.സി.പി നേതാവും മുതിർന്ന പൊതുപ്രവർത്തകയുമായ ലതികാ സുഭാഷിന്റെ പേരും, മുൻ നഗരസഭ പ്രതിപക്ഷ നേതാവും കോട്ടയം ബാറിലെ അഭിഭാഷകയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ അഡ്വ.ഷീജാ അനിലിന്റെ പേരും കോട്ടയത്തേയ്ക്ക് പരിഗണിക്കുന്നതിൽ ഒന്നാം സ്ഥാനത്തുണ്ട്.

ബിജെപി കോട്ടയത്ത് രണ്ട് പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. കോട്ടയം നഗരസഭ അംഗം ടി.എൻ ഹരികുമാറിനെയും, അടുത്തിടെ സിപിഎം വിട്ടു വന്ന റെജി ലൂക്കോസിനെയുമാണ് ബിജെപി കോട്ടയത്ത് മത്സരിക്കാൻ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ അവസാന നിമിഷം എത്തിയ മിനർവ മോഹൻ ആയിരുന്നു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ബിജെപിയ്ക്ക് വേണ്ടി എത്തിയത്. ഈ സാഹചര്യത്തിൽ ഇക്കുറി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാനാണ് ബിജെപി മണ്ഡലത്തിൽ സുപരിചിതനായ ഹരികുമാറിനെയും, ചാനൽ ചർച്ചകളിലൂടെ ചിര പരിചിതമായ റെജിയെയും പരിഗണിക്കുന്നത്.

Hot Topics

Related Articles