സച്ചിദാനന്ദൻ്റെ ആത്മകഥ ‘അവിരാമം” പ്രകാശനം ചെയ്തു: പുതിയ പ്രസാധകർ ‘കാർനെ’ ബുക്സിൻ്റെ ആദ്യ പുസ്തകം

കൊച്ചി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഭാവുകത്വത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ കവി കെ. സച്ചിദാനന്ദൻ്റെ ആത്മകഥ ‘അവിരാമം’ പ്രകാശനം ചെയ്തു.
ആത്മകഥ എഴുതുന്നത് പ്രയാസകരമായ കാര്യമാണെന്നും അത് എഴുതി തീർക്കാൻ ഒരു ജീവിതം മതിയാവില്ല എന്നും സച്ചിദാനന്ദൻ ചടങ്ങിൽ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ കെ. സി നാരായണൻ, ഫാ. ബോബി ജോസ് കട്ടിക്കാട്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മാധ്യമപ്രവർത്തകനും
കാർനെ’ ബുക്സിൻ്റെ എഡിറ്ററുമായ ഗൗരിദാസൻ നായർ, എഴുത്തുകാരൻ എതിരവൻ കതിരവൻ, കാർനറ്റ് ബുക്ക് സ് എം ഡി അലക്സ് കുരുവിള തുടങ്ങിയവർ പങ്കെടുത്തു.

Advertisements

കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കാർനെ’ ബുക്സിൻ്റെ ആദ്യ പുസ്തകമാണ് ‘അവിരാമം’. എഴുത്തുകാരായ പി.പി. രാമചന്ദ്രൻ, പി. രാമൻ, അൻവർ അലി, ലോപാമുദ്ര, മനോജ് കുറൂർ, ഇന്ദുലേഖ, എം.ആർ. രേണുകുമാർ, അമ്മു ദീപ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർനെ ബുക്ക്സിൻ്റെ ഉദ്‌ഘാടനം കെ. സച്ചിദാനന്ദൻ നിർവഹിച്ചു. കെ.സി. നാരായണൻ ആമുഖ പ്രഭാഷണവും ഫാ. ബോബി ജോസ് കട്ടിക്കാട്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ് എന്നിവർ പ്രത്യേക പ്രഭാഷണങ്ങളും നടത്തി.
എറണാകുളം സൗത്തിൽ ചാവറ കൾച്ചറൽ സെൻ്ററിൽ ഇന്നലെ വൈകുന്നേരം 3.30 മുതലായിരുന്നു ചടങ്ങ്.

കാർനെ ബുക്സിൻ്റെ വെബ് സ്റ്റോർ നോവലിസ്റ്റ് എസ്. ഹരീഷും കാർനെ കഫെ വെബ്സൈറ്റ് എഴുത്തുകാരൻ എതിരൻ കതിരവനും ഉദ്ഘാടനം ചെയ്തു. കാർനെ ബുക്സ് തുടർന്ന് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കവർ പ്രകാശനവും ഇതോടൊപ്പം നടന്നു. കാർനെ ബുക്സിനെ നയിക്കുന്നത് നോട്ട്ബുക്ക് വ്യവസായ രംഗത്ത് ചെറിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച യുവവ്യവസായി അലക്സ് കുരുവിളയാണ്.

പ്രമുഖ മറാഠി സാഹിത്യകാരനായ ശരൺകുമാർ ലിംബാലെയുടെ ഏറ്റവും പുതിയ നോവൽ ‘വന്ദേ മാതരം’ (പി.എഫ്. മാത്യൂസ്), ഫാ. ബോബി ജോസ് കട്ടിക്കാടിൻ്റെ ‘വെളിച്ചം’ (ഫാ. അനിൽ ആന്റണി), പ്രമോദ് രാമൻ്റെ കഥാസമാഹാരം ‘ശകുനം മോങ്ങി’ (മനോജ് കുറൂർ), എം.ജി. രാജമാണിക്യം IAS ൻ്റെ ‘വിജയപഥത്തിലേക്കുള്ള കഠിനപാതകൾ’ (സണ്ണിക്കുട്ടി എബ്രഹാം), എൻ.എം. പിയേഴ്സൺൻ്റെ ‘ഇക്കോ ക്രിട്ടിസിസം'(എൻ.ജി. ഉണ്ണികൃഷ്ണൻ),
ജി.പി.രാമചന്ദ്രൻ്റെ ഈജിപ്ത് യാത്രക്കുറിപ്പുകൾ
‘നാഗരികതയുടെ പിരമിഡുകൾ’
(എം.ജി. രാജമാണിക്യം), എം.ബി. മിനിയുടെ കഥാസമാഹാരം ‘മാജിക് മഷ്റൂം’
(ജോർജ് ജോസഫ്), സുജാതയുടെ നോവൽ ‘ആകാശത്തിനും ഭൂമിക്കുമിടയിൽ’
(പി.എസ്. റഫീഖ്), ഡി. വിനയചന്ദ്രന്റെ കവിതകളും പഠനവുമുൾക്കൊള്ളുന്ന സജയ് കെ.വി. യുടെ ‘പ്രിയേ, വിരഹ ഹേമന്തമേ!’ (ഹരികുമാർ ചങ്ങമ്പുഴ), ജയകൃഷ്ണൻ്റെ കഥാസമാഹാരം ‘യുവതികളെപ്പറ്റി അശ്ലീല കഥകളെഴുതിയ കിഴവന്റെ കഥ’ (പ്രമോദ് രാമൻ), സാബ്ലു തോമസിൻ്റെ നോവൽ ‘ അലക്സാണ്ട്രിയയിലെ വിളക്കുമാടം'(ബോണി തോമസ്) എന്നി കൃതികളുടെ മുഖചിത്രങ്ങളാണ് പ്രകാശിപ്പിച്ചത്.

എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് അസോസിയേറ്റ് പ്രൊഫസർ അജു കെ. നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ഏകാംഗ നാടകം ‘ഒഴിഞ്ഞ ബാൽക്കണി’ രാകേഷ് പാലിശേരി വേദിയിൽ അവതരിപ്പിച്ചു.

Hot Topics

Related Articles