ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് – റോഡ് മോട്ടോർ സ്പോട്സ് കാർണിവലിന് അരങ്ങൊരുങ്ങുന്നു. ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും അനുമതി നൽകിയിട്ടില്ലെന്നറിയിച്ചെങ്കിലും പരിപാടിയുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി ആറ് ഏഴ് എട്ട് തീയതികളിലായാണ് വാഗമണ്ണിൽ കേരള ഓഫ് റോഡ് കാർണിവൽ – സീസൺ 3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ പരിപാടികളിൽ പങ്കെടുത്തവർക്ക് മരണം വരെ സംഭവിച്ച റിപ്പോർട്ടുകൾ നിലനിൽക്കെയാണ് അനുമതിയില്ലാതെ പരിപാടിയ്ക്ക് കളമൊരുക്കുന്നത്. കാർണ്ണിവലിന് എതിരെ ഇതിനോടകം നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ കളക്ടർക്കും അടക്കം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതൂ പ്രവർത്തകനും അടക്കം നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.


കഴിഞ്ഞ ദിവസമാണ് വാഗമണ്ണിൽ “കേരള ഓഫ് റോഡേഴ്സ് കാർണിവൽ – സീസൺ 3” എന്ന പേരിൽ അനധികൃത ഓഫ്-റോഡ് മോട്ടോർസ്പോർട്ട് പരിപാടിയ്ക്ക് കളമൊരുങ്ങിയത്. ഫെബ്രുവരി 6, 7, 8 തീയതികളിൽ വാഗമണ്ണിലും പരിസരത്തുമായി നടത്താൻ സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ സമാന രീതിയിൽ പരിപാടികൾ നടത്തിയപ്പോൾ അപകടങ്ങൾ സംഭവിച്ചിരുന്നു. ഒരു മരണം അടക്കം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം സിനിമാ താരം ജോജു ജോർജിന് പോലും അപകടത്തിൽ പരിക്കേൽക്കുന്ന രീതിയിലായിരുന്നു ഓഫ് റോഡ് റാലി സംഘടിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് മുന്നറിയിപ്പുകളൊന്നുമില്ലാതെ, യാതൊരു വിധ അനുമതിയുമില്ലാതെ കാർണിവൽ നടത്താൻ സംഘാടകർ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിയുടെ പരസ്യങ്ങളിൽ നിന്നും മറ്റും ഇതൊരു വൻകിട വാണിജ്യ മോട്ടോർസ്പോർട്ട് പ്രവർത്തനമാണെന്നും, ഇതിൽ വൻതോതിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും കാണികളും സ്പോൺസർമാരും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടുന്നുണ്ടെന്നും വ്യക്തമാണെന്ന് പരാതി നൽകിയവർ പറയുന്നു. പരിസ്ഥിതിലോലമായ ഒരു മേഖലയിൽ സുതാര്യമായ നിയമപരമായ അനുമതികളില്ലാതെ ഇത്തരം ഒരു പരിപാടി നടത്തുന്നത് ജീവനും സ്വത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്. ഇതിനെതിരെ അടിയന്തരമായ പോലീസ് പരിശോധനയും പ്രതിരോധ നടപടികളും ആവശ്യമാണെന്നും ഇവർ മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിൽ പറയുന്നതായാണ് വിവരം. ജില്ലാ ഭരണകൂടത്തിൽ നിന്നോ പ്രാദേശിക ഭരണാധികാരികളിൽ നിന്നോ ഉള്ള യാതൊരുവിധ അനുമതിയും പരിപാടിയ്ക്കു ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരിപാടിയ്ക്ക് അനുമതി നൽകും മുൻപ് പൊലീസിൻ്റെയും അഗ്നിരക്ഷാ സേനയുടെയും റവന്യു വകുപ്പിൻ്റെയും സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും എന്നാൽ ഇവിടെ ഇത്തരത്തിലുള്ള യാതൊരു വിധ അനുമതിയും നൽകിയിട്ടില്ലെന്നു ഇടുക്കി എ.ഡി.എം അറിയിച്ചു. പരിപാടി സംബന്ധിച്ചു പൊലീസിനു യാതൊരു വിധ അപേക്ഷയും ലഭിച്ചിട്ടില്ലെന്നും പൊലീസ് അനുവാദം നൽകിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.
തോട്ടം ഭൂമിയിലാണ് മോട്ടോർ സ്പോട്സ് ഇവൻ്റ് നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ, വാണിജ്യ മോട്ടോർസ്പോർട്ട് ആവശ്യങ്ങൾക്കായി തോട്ടം ഭൂമി തരം മാറ്റുന്നതിന് റവന്യൂ അധികാരികളിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഈ സാഹചര്യത്തിൽ റവന്യു വകുപ്പിൻ്റെ വിശദമായ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടി റവന്യു മന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വാഹന വകുപ്പ്, കേരള പോലീസ്, ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവരിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും പരിപാടിയ്ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. സംഘാടകർ ഇന്ത്യയിലെ അംഗീകൃത മോട്ടോർസ്പോർട്ട് ഫെഡറേഷനുകളിലോ അതോറിറ്റികളിലോ രജിസ്റ്റർ ചെയ്തിട്ടുള്ളവരല്ല. ഇത് സുരക്ഷാ മാനദണ്ഡങ്ങളുടെയും മേൽനോട്ടത്തിൻ്റെയും ലംഘനമാണ് എന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിപാടി നടത്താൻ അനുമതി നൽകരുതെന്നും അനുമതിയില്ലാതെ ഈ പരിപാടി നടത്താൻ ശ്രമിച്ചാൽ ഇത് തടയണമെന്നുമാണ് ഇപ്പോൾ പരാതിക്കാരുടെ ആവശ്യം.
പരിപാടിയുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡിജെ പാർട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈ പാർട്ടിയുടെ മറവിൽ മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. മയക്കുമരുന്നിൻ്റെ വ്യാപനം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. ഇത് കൂടാതെ ഈ കാർണിവലിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ പൂർണമായും രൂപമാറ്റം വരുത്തിയവയാണ്. ഈ വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ അപകടത്തിൽപ്പെടുന്നവർക്ക് യാതൊരു വിധ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കുകയില്ല. ഇത്തരത്തിൽ ഗുരുതരമായ സ്ഥിതി വിശേഷം നിലനിൽക്കുന്നതിനാൽ കാർണ്ണിവൽ നടത്താനുള്ള നീക്കം തടയുകയും, ഈ വാഹനങ്ങൾ എല്ലാം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതിയും നൽകിയിട്ടുണ്ട്.


