വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വടക്ക് പുറത്ത് ദേശ ഗുരുതി ഭക്തി സാന്ദ്രമായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടന്നു വരുന്ന വടക്കു പുറത്ത് പാട്ടിന്റ ചടങ്ങുകൾ പൂർത്തിയാകുന്നത് ദേശഗുരുതിയോടെയാണ്. 41 ദിവസം മുമ്പ് കാൽ നാട്ടിയ , ക്ഷേത്രത്തിന്റെ വടക്കേ തിരുമുറ്റത്ത് നടന്ന ചടങ്ങിൽ തീയാട്ട് ആചാര്യൻ തലയാഴം തെക്കേടത്ത് ശശിധര ശർമ്മ, നാരായണൻ ഉണ്ണി, ശരത് ശർമ്മ, ശ്രീജിത് ശർമ്മ എന്നിവർ കാർമ്മികരായി.
നിറ ദീപം തെളിയിച്ച് നിറപറ ,കുരുത്തോല ,നെല്ല്, അരി, പീഠം, വാൾ, നാളികേരം, വെറ്റില ,പാക്ക് എന്നിവയോടെ വച്ചൊരുക്ക് നടത്തിയ ശേഷം അലങ്കരിച്ച മണ്ഡപത്തിൽ ദേവിയെ കുടിയിരുത്തിയ ശേഷമാണ് ഗുരുതി നടന്നത്. 256 ഖണ്ഡങ്ങളിലാണ് ഗുരുതിക്കളം ഒരുക്കിയത്. 256 നാഴി അരിയുടെ വറ നിവേദ്യം 32 നാഴി അരിയുടെ വറപൊടി, 16 പാത്രങ്ങളിൽ ഗുരുതിയും കൂടാതെ അരിപ്പൊടി, മഞ്ഞൾപ്പൊടി , ചുണ്ണാമ്പ് എന്നിവ ചേർത്ത് ഒരുക്കിയ നിണവും ഗുരുതിക്ക് ഉപയോഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദീപാരാധനക്ക് ശേഷം കൊടുകാളി നടയിൽ മേൽശാന്തി ജയചന്ദ്രൻ പോറ്റിയുടെ കാർമ്മികത്വത്തിൽ 41 ദിവസമായി നടന്നു വരുന്ന തെക്കു പുറത്ത് ഗുരുതിയും സമാപിച്ചു. തുടർന്ന് ശ്രീകോവിലെ മണ്ഡപത്തിൽ എഴുതിയ ദേവിയുടെ കളം മായ്ച്ചതോടെ തീയാട്ട് ആരംഭിച്ചു. തീയാട്ട് വേഷത്തിൽ തീയാട്ട് ഉണ്ണിയാണ് ദേശഗുരതി നടത്തിയത് . ദാരിക നിഗ്രഹമാണ് തീയാട്ടിന്റെ ഇതിവൃത്തം. ഭദ്രകാളി ക്ഷേത്രങ്ങളിൽ നടന്നു വരുന്ന തീയാട്ട് ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുന്നതായും വിശ്വാസം.
തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പന്തീരായിരം പുഷ്പാഞ്ജലി, വണിക വൈശ്യ സമുദായത്തിന്റെ വിൽപ്പാട്ട്, ടി.വി. പുരം മേഖല സംയുക്ത എൻ എസ്.എസ് കരയോഗത്തിന്റെ താലപ്പൊലി, പ്രസാദ ഊട്ട്,അത്താഴ ഊട്ട് , ഭജൻസ് എന്നിവയും നടന്നു. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂ ർ മന വിഷ്ണുനമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, ഇണ്ടംതുരുത്തി മന മുരളിധരൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി, ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി ,. മാനേജർ വടയാർ ഗോപാലകൃഷ്ണൻ , സാഗർ എന്നിവർ നേതൃത്വം നല്കി.


