ശബരിമല സ്വർണക്കൊള്ള: സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്ന് പോറ്റി : മൊഴി പരിശോധിക്കാൻ എസ് ഐ ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കർണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി.

Advertisements

കർണാടകത്തിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നേടിയതെന്നും മൊഴി നല്‍കിയ പോറ്റി, സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടർനടപടി സ്വീകരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ജാമ്യത്തില്‍ തുടരുന്ന പോറ്റിയെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ സമയത്ത് തന്നെയായിരുന്നു യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത്. 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയത്.

അതേസമയം പോറ്റിയും യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നതില്‍ എസ്‌ഐടി വിശദമായ അന്വേഷണം നടത്തും. ഇടപാടുകള്‍ കണ്ടെത്തിയാല്‍ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. പോറ്റിയുമായി സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍ സാമ്പത്തിക ഇടപാടുകളില്ലെന്നുമാണ് അടൂർ പ്രകാശ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ആറ്റിങ്ങലിലുള്ള എംപി ഓഫീസില്‍ പോറ്റി വന്നിട്ടുണ്ടെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും അടൂർ പ്രകാശ് നല്‍കിയ മൊഴിയിലുണ്ട്.

പോറ്റിയുമായുള്ള പരിചയം തുടങ്ങുന്നത് വോട്ടർ എന്ന നിലയിലാണ്. ഉപഹാരമായി പോറ്റി നല്‍കിയത് ഈന്തപ്പഴം മാത്രമാണ്. സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാൻ പോറ്റി എത്തിയപ്പോഴാണ് ഇത് നല്‍കിയത്. പോറ്റിക്കൊപ്പം അന്ന് എടുത്ത ചിത്രമാണ് പുറത്തുവന്നതെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താൻ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയത്. കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും പരിചയമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞതായാണ് വിവരം. സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ലെന്ന് അടൂർ പ്രകാശ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതേ കാര്യമാണ് അദ്ദേഹം ഇന്നലെ എസ്‌ഐടിയോടും പറഞ്ഞത്.

പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം അന്വേഷണ സംഘം ചോദിച്ചുവെന്നും അതിനെല്ലാം താൻ കൃത്യമായി മറുപടി നല്‍കിയെന്നും അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രണ്ടര മണിക്കൂറാണ് പൊലീസ് ആസ്ഥാനത്ത് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങളടക്കം മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂർപ്രകാശിനെ ചോദ്യം ചെയ്തത്.

Hot Topics

Related Articles