ദുബായ്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയമായ ചർച്ചകള്‍ക്കും ഒടുവില്‍ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന മുൻ നിലപാടില്‍ നിന്ന് പാകിസ്ഥാൻ പിന്നോട്ട് പോയതായും ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ പാക് ടീം പങ്കെടുക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മില്‍ ലാഹോറില്‍ നടന്ന ചർച്ചകള്‍ക്കൊടുവിലാണ് തത്വത്തില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ട്
ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പാകിസ്ഥാൻ ആദ്യം ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പിന്മാറ്റം ടൂർണമെന്‍റിന്‍റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാല്‍ ഐസിസി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ചർച്ചകള്‍ക്കൊടുവില്‍ ചില നിർണായക ധാരണകളില്‍ ഇരുവിഭാഗവും എത്തിയതായാണ് സൂചന:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പില്‍ നിന്ന് അവസാന നിമിഷം പുറത്താക്കിയതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായ നഷ്ടം പരിഹാരിക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു. ബംഗ്ലാദേശില്‍ അടുത്ത ഐസിസി ടൂര്‍ണമെന്‍റ് നടത്തണമെന്ന പാകിസ്ഥാന്‍റെ ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കാനും ഭാവിയില്‍ ഒരു വനിതാ ലോകകപ്പ് ബംഗ്ലാദേശില്‍ നടത്താനും ധാരണയായി. ഐസിസിയുടെ വരുമാന വിഹിതത്തില്‍ പാകിസ്ഥാന്‍റെ വിഹിതം വർധിപ്പിക്കുന്ന കാര്യം ഐസിസി സാമ്പത്തികകാര്യ സമിതി പരിഗണിക്കുമെന്നും പാകിസ്ഥാന് ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളി. ഇത്തരം തീരുമാനങ്ങള്‍ അതാത് രാജ്യങ്ങളിലെ സർക്കാരുകളുടെയും ക്രിക്കറ്റ് ബോർഡുകളുടെയും അധികാരപരിധിയില്‍ വരുന്നതാണെന്നും അതില്‍ ഇടപെടാൻ ഐസിസിക്ക് കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ബിസിസിഐയും ഇതിനോടകം തന്നെ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയതോടെ ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുമെന്ന് ഉറപ്പായി.


