മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുൻപ് വിദേശ പര്യടനങ്ങളില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്മെന്റ് ഇക്കാര്യത്തില്‍ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തില്‍ മാറ്റം വരുത്താനാവില്ലെന്ന കർശന നിലപാടാണ് ബിസിസിഐ സ്വീകരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2024-25ലെ ബോർഡർ-ഗവാസ്കർ ട്രോഫിയില്‍ ഓസ്ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങള്‍ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതേത്തുടർന്ന്, ടീമിന്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനങ്ങളില്‍ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ അനുവദിക്കൂവെന്നതാണ് ബിസിസിഐയുടെ നയം. ലോകകപ്പ് പോലുള്ള നിർണ്ണായക ടൂർണമെന്റുകളില്‍ കുടുംബാംഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം താമസിക്കാൻ അനുവാദമില്ല. കുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ താരങ്ങളുടെ ഹോട്ടലിന് പുറത്ത് സ്വന്തം നിലയില്‍ താമസസൗകര്യം ഒരുക്കേണ്ടി വരും.
ലോകകപ്പിനായി താരങ്ങള്‍ ടീം ബസിനെക്കാള്‍ സ്വകാര്യ ചാർട്ടർ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. താരങ്ങളുടെ ഭക്ഷണക്രമം നിലനിർത്താൻ പേഴ്സണല്‍ ഷെഫുമാരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍, ഇവർക്കും ടീം താമസിക്കുന്ന ഹോട്ടലില്‍ പ്രവേശനമില്ല. ഹോട്ടലിന് അടുത്തുള്ള മറ്റ് താമസസ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് താരങ്ങള്‍ക്ക് എത്തിച്ചു നല്‍കാനാണ് നിർദ്ദേശം.
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇനി ഫെബ്രുവരി 12 വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ നമീബിയയെ നേരിടും. അതിനുശേഷം ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിനായി ടീം യാത്ര തിരിക്കും.


