കോട്ടയം: പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് കോട്ടയത്ത് ആദ്യ ഘട്ട സ്ഥാനാർത്ഥി ചർച്ചകളിലേയ്ക്ക് കടന്ന് ബിജെപി. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലേയ്ക്ക് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജി.ലിജിൻ ലാലിന്റെ പേരാണ് പരിഗണിക്കുന്നത്. ടി.എൻ ഹരികുമാറും, റെജി ലൂക്കോസും അടക്കമുള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് സമിതിയിൽ അംഗങ്ങളായ മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാർ, ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗം ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ അടങ്ങുന്ന സമിതിയാണ് കോട്ടയത്തെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്നത്.

കോട്ടയത്ത് ലിജിനോ ഹരിയോ..?
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ കോട്ടയം നിയമസഭാ മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ പ്രാദേശിക തലത്തിൽ നിന്നുള്ള നേതാക്കൾ തന്നെ വേണമെന്ന അഭിപ്രായമാണ് ചർച്ചകളിൽ ഉയർന്നു വന്നത്. കോട്ടയം ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മത്സരിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ദുർബലയായ സ്ഥാനാർത്ഥിയായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ പാർട്ടിയുടെ വോട്ട് ശതമാനം കുറയ്ക്കാൻ ഇടയാക്കി എന്ന ധാരണയാണ് ഉയർന്നത്. ഏഴു ശതമാനവും 8611 വോട്ടും മാത്രമാണ് കഴിഞ്ഞ തവണ കോട്ടയത്ത് ബിജെപിയ്ക്ക് ലഭിച്ചത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിലാണ് കോട്ടയത്ത് സുപരിചിതനായ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ പേര് കോട്ടയം മണ്ഡലത്തിൽ ചർച്ചയ്ക്ക് വന്നിരിക്കുന്നത്. കോട്ടയം നഗരസഭ കൗൺസിലറും ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ടി.എൻ ഹരികുമാറിന്റെ പേരും പ്രഥമ പരിഗണനയിലുണ്ട്. കോട്ടയം ജില്ലയിലെ സജീവ സാന്നിധ്യം എന്നതാണ് ലിജിൻ ലാലിനെ പരിഗണിക്കുന്നതിനുള്ള പ്രധാന ഘടകം കോട്ടയം നഗരത്തിൽ, കോട്ടയം മണ്ഡലത്തിൽ തന്നെ സ്ഥിര താമസക്കാരനാണ് എന്നതാണ് ടി.എൻ ഹരികുമാറിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്.

പുതുപ്പള്ളിയിൽ പുതുമുഖം; യുവാവും വനിതയും പരിഗണയിൽ
ഇറക്കു മതി സ്ഥാനാർത്ഥികൾക്കു പകരം പ്രാദേശിക സ്ഥാനാർത്ഥികളെ രംഗത്തിറക്കി പുതുപ്പള്ളിയുടെ പോരാട്ട ചരിത്രം മാറ്റിയെഴുതാനാണ് ഇക്കുറി ബിജെപി ഒരുങ്ങുന്നത്. മണ്ഡലത്തിൽ നിന്നു തന്നെയുള്ള സ്ഥാനാർത്ഥികളെയാണ് ഇക്കുറി ബിജെപി പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അയർക്കുന്നം പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും മഹിളാ മോർച്ചാ നേതാവുമായി മഞ്ജു സുരേഷിന്റെ പേരാണ് പരിഗണിക്കുന്നത്. ജനാധിപത്യ മത്സര വേദികളിൽ എല്ലാം മിന്നും വിജയം നേടിയ പാരമ്പര്യമാണ് മഞ്ജുവിനുള്ളത്. അതുകൊണ്ടു തന്നെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ പുതുപ്പള്ളിയിൽ ബിജെപിയുടെ പ്രാദേശിക രംഗത്തെ കരുത്തുറ്റ വനിതാ മുഖത്തെ തന്നെ രംഗത്തിറക്കണമെന്ന വാദമാണ് മണ്ഡലം നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്.

ജില്ലാ പഞ്ചായത്ത് അയർക്കുന്നം ഡിവിഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടിയ ബിജെപി സ്ഥാനാർത്ഥിയായിരുന്നു മഞ്ജു. തുടർച്ചയായ രണ്ടു തവണ അയർക്കുന്നം പഞ്ചായത്തിലെ വാർഡിനെ പ്രതിനിധീകരിക്കുന്നതും അധികയോഗ്യതയായി ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നു. നിലവിൽ ബിജെപി ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. മഹിളാ മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയുമാണ്. കോട്ടയം ജില്ലയിലെ ബിജെപിയുടെ യുവ മുഖമായ ഗോകുൽ സുരേഷിന്റെ പേരാണ് മറ്റൊരു സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ബിജെപി സംസ്ഥാന സ്ട്രാറ്റജി ടീം അംഗമാണ് ഗോകുൽ. മണർകാട് നിന്നും ബ്ലോക്ക് ഡിവിഷനിലേയ്ക്കു മത്സരിച്ച ഗോകുൽ മികച്ച പോരാട്ടം കാഴ്ച വച്ചിട്ടുണ്ട്. യുവത്വം എന്ന പരിഗണന നൽകി പുതുപ്പള്ളിയിൽ ബിജെപിയ്ക്കു വേണ്ടി മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ ഗോകുലിന് കഴിയുമെന്നാണ് ഇവിടെ നിന്നുള്ള നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഏറ്റുമാനൂരിൽ ആരാകും പോരാളി..!
നിലവിൽ ബി.ഡി.ജെ.എസ് മത്സരിച്ച മികച്ച പോരാട്ടം കാഴ്ച വച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ ബിജെപി ഇക്കുറി മികച്ച സാധ്യതകൾ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ കോട്ടയം കൂടാതെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ പേര് ഏറ്റുമാനൂരിലും പരിഗണിക്കുന്നു. ഇത് കൂടാതെ യുവ സ്ഥാനാർത്ഥിയെ വേണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ തന്നെയുള്ള യുവ സ്ഥാനാർത്ഥിയുടെ പേരും പരിഗണിക്കുന്നുണ്ട്.
കടുത്തുരുത്തിയിൽ ലിജിനോ റെജിയോ..?
ബിജെപിയ്ക്കും എൻഡിഎയ്ക്കും സാധ്യതകൾ ഏറെയുള്ള മണ്ഡലമായാണ് കടുത്തുരുത്തിയെ പരിഗണിക്കുന്നത്. ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ പേരിനാണ് പ്രഥമ പരിഗണന. ഇത് കൂടാതെ അടുത്തിടെ സിപിഎം വിട്ടു വന്ന ബിജെപി നേതാവ് റെജി ലൂക്കോസിന്റെ പേരും പരിഗണിക്കുന്നുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ എൻ.ഹരി; പാലായിൽ ഷോൺ ജോർജ്; പൂഞ്ഞാരിൽ പി.സി ജോർജ്
കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പരിധിയിൽ പാലായിൽ ഷോൺ ഷോർജിന്റെയും, കാഞ്ഞിരപ്പള്ളിയിൽ എൻ.ഹരിയുടെയും, പൂഞ്ഞാറിൽ പി.സി ജോർജിന്റെയും പേരുകളാണ് കമ്മിറ്റി പരിഗണിക്കുന്നത്.


