കോട്ടയം: അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ വ്യക്തതയില്ല എന്ന ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ദേവസ്വം വകുപ്പ് ഒഴിയണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തിന്റെ വിശദാംശങ്ങൾ കേരളത്തിന്റെ പൊതുസമൂഹത്തിൽ വിശദീകരിക്കുന്ന പത്രസമ്മേളനങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിശദീകരിച്ചത് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നു. അയ്യപ്പ സംഗമത്തിന്റെ പരിപൂർണ്ണ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. അയ്യപ്പ സംഗമം വിവാദമായപ്പോൾ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത് ശരിയല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണ പാളി വിഷയങ്ങളും അയ്യപ്പ സംഗമത്തിന്റെ വിവാദങ്ങളും കൂടുതലായി അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


