ഇനി കേരളത്തിലെ സ്കൂളുകളിൽ മാതാപിതാക്കളും പഠിക്കും: ആറ് ലക്ഷം മാതാപിതാക്കൾക്ക് എ.ഐ പരിശീലനവുമായി സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: ‘സർവം എഐ മയം’ പദ്ധതിക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തുടക്കമായി. ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ആറ് ലക്ഷം രക്ഷിതാക്കള്‍ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ജൂണ്‍ 30 വരെ നടക്കുന്ന പരിശീലനം രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞമാകും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂളില്‍, എഐയുടെ ഗുണങ്ങള്‍ക്കും ദോഷങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നു. മനുഷ്യ ബുദ്ധിക്ക് സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച്‌ ലളിതമായ വിശദീകരണത്തോടെയാണ് പരിശീലനം ആരംഭിക്കുന്നത്.

Advertisements

സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങള്‍ ഉപയോഗിച്ച്‌ പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും, തമിഴ് ഉള്‍പ്പെടെയുള്ള അന്യഭാഷാ ബോർഡുകള്‍ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികള്‍ പരിശീലനത്തില്‍ പരിചയപ്പെടുത്തും. എഐ ഉപയോഗിച്ച്‌ നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകള്‍, വ്യാജ ചിത്രങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജവാർത്താ പ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്റർനെറ്റ് മര്യാദകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈറ്റ് വികസിപ്പിച്ച സമഗ്ര പ്ലസ് ലേണിംഗ് റൂം പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്തും. 2023-24 കാലയളവില്‍ നാല് ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷാ പരിശീലനം നല്‍കിയതിന്റെ വിജയകരമായ തുടർച്ചയായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ നിലവില്‍ വരുന്ന ഏറ്റവും പുതിയ ഐടി ഭേദഗതി നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കളിലേക്ക് എത്തുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു.

Hot Topics

Related Articles