ഇറാനെ നീക്കാനുള്ള അമേരിക്കൻ നീക്കം: മുന്നറിയിപ്പുമായി റഷ്യ; തീക്കളിയാകുമെന്ന് റഷ്യ 

മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ മുന്നറിയിപ്പ്. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചർച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടല്‍. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisements

മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉള്‍പ്പെടെ മേഖലയില്‍ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങള്‍ സഹായിക്കൂ. ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. ആണവ വ്യാപന നിരോധന കരാർ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കയുടെ നീക്കം

അതേസമയം, ഗാസയിലെയും ഇറാനിലെയും വിഷയങ്ങളില്‍ ചർച്ചകള്‍ തുടരുമ്പോഴും അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. മാർച്ച്‌ പകുതിയോടെ യുഎസിന്‍റെ എല്ലാ യുദ്ധസജ്ജീകരണങ്ങളും പശ്ചിമേഷ്യയില്‍ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോള്‍, തങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഇറാൻ – റഷ്യ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്.

റഷ്യയുമായി കൂടുതല്‍ കൈകോർത്തുള്ള നീക്കത്തിനാണ് ഇറാന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് സംയുക്ത നാവികാഭ്യാസവും റഷ്യൻ പ്രകൃതി വാതകം വൻതോതില്‍ വാങ്ങാനുമുള്ള തീരുമാനം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലുമാണ് ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നടക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നാവിക ശക്തി പ്രകടമാക്കുന്നതെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുള്ളത്.

Hot Topics

Related Articles