കോട്ടയം: ഇന്ത്യയുടെ സെമിസാധ്യത തുലാസിലാക്കി സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ദക്ഷിണാഫ്രിക്ക ഉയർത്തിയ 187 റണ്ണിന്റെ വിജയലക്ഷ്യത്തിന് മുന്നിൽ ഇന്ത്യ 111 ന് പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ എയ്ഡൻ മാക്രത്തെയും (4), ഡിക്കോക്കിനെയും (6), റിക്കി റിക്കിൾട്ടണിനെയും (7) 20 റൺ എടുക്കുന്നതിനിടെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്നും കരകേറ്റിയത് ബ്രേവിസ് (45), മില്ലർ (63), സ്റ്റബ്‌സ് (പുറത്താകാതെ 44) എന്നിവരുടെ വെടിക്കെട്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ മൂന്നും, അർഷദീപ് രണ്ടും, വരുൺചക്രവർത്തിയും ശിവം ദുബൈയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് റണ്ണെടുക്കും മുൻപ് കിഷനെ നഷ്ടമായി. പിന്നാലെ, തിലക് വർമ്മ (1) പുറത്താകുമ്പോൾ സ്‌കോർ ബോർഡിൽ അഞ്ചു റൺ മാത്രമാണ് ഉണ്ടായിരുന്നത്. 26 ൽ നിൽക്കെ 15 റൺ എടുത്ത അഭിഷേക് ശർമ്മയെയും, 43 ൽ വാഷിംങ്ടൺ സുന്ദറിനെയും (11) ഇന്ത്യയ്ക്ക് നഷ്ടമായി. 51 ൽ സൂര്യയും (18), 86 ൽ പാണ്ഡ്യയും (18), ഇതേ സ്‌കോറിൽ റിങ്കു സിങ്ങിനെയും (0) വീഴ്ത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. 88 ൽ അർഷദീപ് (1) കൂടി വീണതോടെ ഇന്ത്യയുടെ തോൽവി എപ്പോഴെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. 37 പന്തിൽ 42 റൺ എടുത്ത ശിവം ദുബൈ മാത്രമാണ് പൊരുതി നിന്നത്. സ്‌കോർ 111 ൽ നിൽക്കെ ദുബൈയെയും ബുറയെയും (0) വീഴ്ത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് കനത്ത തോൽവി സമ്മാനിച്ചു.


