പല്ലാക്കല്ലേ: സ്വന്തം കാണികളുടെ മുന്നിൽ വെട്ടിക്കെട്ട് വിരുന്നൊരുക്കിയ ലങ്ക പാക്കിസ്ഥാനെ ലോകകപ്പിൽ നിന്നും അടിച്ചു പുറത്താക്കി. അഞ്ചു റണ്ണിന് വിജയിച്ചെങ്കിലും അതിനു മുൻപ് തന്നെ ലങ്ക ആവശ്യത്തിനുള്ള റണ്ണടിച്ചെടുത്തിരുന്നതിനാൽ പാക്കിസ്ഥാന് ലോകകപ്പിൽ നിന്നും സെമികാണാതെ പുറത്തായി. ഇതോടെ ന്യൂസിലൻഡ് സെമിയിലേയ്ക്കു പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സര വിജയികൾ കൂടി എത്തുന്നതോടെ സെമി ലൈനപ്പാകും. നിലവിൽ ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയും, ന്യൂസിലൻഡും സെമി ഉറപ്പിച്ചിട്ടുണ്ട്.
നിർണ്ണായകമായ മത്സരത്തിൽ ടോസ് നേടിയ ലങ്ക പാക്കിസ്ഥാനെ ബാറ്റിംങിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ ആവശ്യവും സാഹചര്യവും തിരിച്ചറിഞ്ഞ് ബാറ്റ് വീശിയ പാക്ക് ഓപ്പണർമാർ നിർണ്ണായകമായ തുടക്കമാണ് പാക്കിസ്ഥാന് നൽകിയത്. 60 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്‌സുമായി 100 റണ്ണടിച്ച ഫർഹാനും, 42 പന്തിൽ 84 റണ്ണുമായി കളം നിറഞ്ഞ ഫക്കർ സമ്മാനും ചേർന്ന് ആദ്യ വിക്കറ്റിൽ 176 റണ്ണാണ് കൂട്ടിച്ചേർത്തത്. ഇരുവരും മടങ്ങിയ ശേഷം ആരും രണ്ടക്കം കണ്ടില്ലെന്നത് പടുകൂറ്റൻ സ്‌കോർ പ്രതീക്ഷിച്ച പാക്കിസ്ഥാന് നിരാശയായി. നഫായി (2), ഷഹബ് ഖാൻ (ഏഴ്), മുഹമ്മദ് നവാസ് (0), സൽമാൻ ആഗ (0), ഷഹീൻ ഷാ അഫ്രീദി (4), നസിം ഷാ (1) എന്നിവർ രണ്ടക്കം കണ്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ലങ്കയ്ക്ക് എട്ടു റണ്ണിൽ ആദ്യ ഓപ്പണറെ നഷ്ടമായി. ഏഴു പന്തിൽ മൂന്ന് റണ്ണുമായി നിസങ്ക ആദ്യവും സ്‌കോർ 33 ൽ നിൽക്കെ കമിൽ മിശ്രയും (26) പുറത്തായി. ഇതോടെ പാക്കിസ്ഥാൻ നിഷ്പ്രയാസം സെമിയിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. പതിയെ സ്‌കോർ നിങ്ങിയതോടെ 75 ൽ അസലങ്കയെ (25) ലങ്കയ്ക്ക് നഷ്ടമായി. 94 ൽ കമിൻഡു മെൻഡിസും (3) , 101 ൽ ലിയാൻഗെയും (5) കൂടി വീണതോടെ ലങ്ക എവിടെ വരെ പോകും എന്നതായിരുന്നു ആകാംഷ.
എന്നാൽ, പാക്ക് ആരാധകരെ ഞെട്ടിച്ച് രത്‌നായകയെും (58), ക്യാപ്റ്റൻ ശനങ്കയും (76) ക്രീസിൽ ഒന്നിച്ചു. നിർണ്ണായകമായ 147 എന്ന സ്‌കോർ ലങ്ക മറികടന്നതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ അവസാനിച്ചു. ലങ്കയെ 147 ന് മുൻപ് പുറത്താക്കിയെങ്കിൽ മാത്രമേ പാക്കിസ്ഥാന് സെമിയിലേയ്ക്ക് എന്തെങ്കിലും സാധ്യത അവശേഷിച്ചിരുന്നുള്ളു. ഇതിന് ശേഷം തകർത്തടിച്ച ക്യാപ്റ്റൻ ശനങ്ക പാക്കിസ്ഥാന്റെ ഏറ്റവും മികച്ച പേസ് ബൗളർ ഷഹീൻ ഷാ അഫ്രിദീയുടെ അവസാന ഓവറിൽ മൂന്നു സിക്‌സും ഒരു ഫോറും പറത്തി 22 റണ്ണാണ് അടിച്ചെടുത്തത്. മത്സരം അവസാനിക്കുമ്പോൾ ഷഹീൻ നാല് ഓവറിൽ 48 റൺ വഴങ്ങിയിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി പാക്കിസ്ഥാൻ ഉയർത്തിയ 212 ന് എതിരെ അഞ്ച് റൺ അകലെ ആറു വിക്കറ്റ് നഷ്ടമാക്കി 207 ൽ ലങ്ക ബാറ്റിംങ് അവസാനിപ്പിച്ചു.


