ഒരു തമിഴ് മാധ്യമത്തിന്‍റെ ഫിലിം അവാർഡ് വേദിയിൽ നടി തൃഷയെ അപഹസിക്കുന്ന തരത്തിൽ നടൻ പാർഥിപൻ നടത്തിയ പരാമർശം വാർത്തയും വിവാദവുമായിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷ. പാർഥിപന്‍റെയോ നടൻ സംസാരിച്ച വേദിയുടെയോ പേര് പരാമർശിച്ചിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് അറിവുള്ളവർക്ക് അക്കാര്യം മനസിലാവുന്ന തരത്തിലാണ് തൃഷയുടെ പോസ്റ്റ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലൂടെയാണ് തൃഷ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഗലാട്ട അവാർഡ്സ് 2026 വേദിയിൽ ആയിരുന്നു പാർഥിപന്‍റെ പരാമർശം.
വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള പാർഥിപന്‍റെ അഭിപ്രായം ചോദിക്കുകയായിരുന്നു. അതിനിടെയാണ് പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനിൽ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. “കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീടിന് വെളിയിൽ ഇറങ്ങിയില്ലെങ്കിൽ നല്ലത്. അത് (വീടിന് വെളിയിൽ ഇറങ്ങുന്നത്) ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്”, എന്നായിരുന്നു പാർഥിപന്‍റെ വാക്കുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഈയിടെ വിജയ്‍യും തൃഷയും ഒരുമിച്ച് എത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു പാർഥിപന്‍റെ വാക്കുകൾ എന്നായിരുന്നു വിമർശനം. ഒരു നടിയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളുമായി ഭാര്യ സംഗീത വിജയ്‍ക്കെതിരെ വിവാഹ മോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ആയിരുന്നു വിജയ്‍യും തൃഷയും ഒരുമിച്ച് വിവാഹ റിസപ്ഷനിൽ എത്തിയത്. സംഗീത ഹർജിയിൽ പറയുന്ന നടി തൃഷയാണെന്നും വ്യാപക പ്രചരണമുണ്ട്.
പാർഥിപന്‍റെ പരാമർശത്തോടുള്ള തൃഷയുടെ പ്രതികരണം ഇങ്ങനെ- “തന്‍റെ സഹായി വഴി ഒരു വ്യക്തി ആവശ്യപ്പെട്ടത് പ്രകാരമാണ് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ എന്‍റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്ന് അതിന്‍റെ സംഘാടകർ എന്നോട് പറഞ്ഞു. മൈക്കിലൂടെ സംസാരിച്ചു എന്നതുകൊണ്ട് ഒരു പരാമർശം ബുദ്ധിപൂർവ്വമുള്ളതോ രസകരമോ ആവുന്നില്ല. പകരം മണ്ടത്തരം ഉച്ചത്തിൽ ആക്കുകയേ അത് ചെയ്യുന്നുള്ളൂ. അസംസ്കൃതമായ വാക്കുകൾ ആരെയാണോ ലക്ഷ്യമാക്കുന്നത് എന്നതിനേക്കാൾ lഅത് പറയുന്ന ആളിനെക്കുറിച്ച് തന്നെയാണ് കൂടുതൽ വ്യക്തമാക്കുന്നത്”, എന്നാണ് എക്സിൽ തൃഷയുടെ പോസ്റ്റ്. എക്സില്‍ 18,000 ല്‍ അധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.


