മുംബൈ : ബോളിവുഡ് സൂപ്പർതാരങ്ങളായ ഖാൻ ത്രയങ്ങള്‍ അധോലോകത്ത് നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് സംവിധായികയും കോറിയോഗ്രാഫറുമായ ഫറാഖാന്റെ വെളിപ്പെടുത്തല്‍. ഖാൻ ത്രയങ്ങള്‍ അധോലോകത്തിന്റെ ഭീഷണി നേരിട്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഫറ മറുപടി നല്‍കിയത്. ഷാരൂഖ് ഖാൻ, അമീർ ഖാൻ, സല്‍മാൻ ഖാൻ എന്നിവരാണ് അധോലോകത്തിന്റെ സമ്മർദ്ദം അനുഭവിച്ചിരുന്നതായി ഫറാഖാൻ പോഡ്‌കാസ്റ്റില്‍ തുറന്നു പറഞ്ഞത്. ഷാരൂഖ് ഖാന് ഭീഷണി കോളുകള്‍ വന്നിരുന്നുവെന്ന റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ലെന്നാണ് ഫറാഖാൻ പ്രതികരിച്ചത്.
കരിയറിന്റെ തുടക്കകാലത്തുണ്ടായ സംഭവത്തെ കുറിച്ചും ഫറാഖാൻ പോഡ്കാസ്റ്റില്‍ പറഞ്ഞു. 1997ല്‍ നിർമ്മാതാവ് മുകേഷ് ദുഗ്ഗല്‍ അധോലോകത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായതിനെ കുറിച്ചാണ് ഫറാഖാൻ വെളിപ്പെടുത്തിയത്. ഫത്തേഹ്, സാഥി, ദില്‍ കാ ക്യാ കസൂർ, ഖിലോന തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു മുകേഷ്. അന്ധേരിയിലെ തന്റെ ഓഫീസില്‍ വച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. സംവിധായകൻ കരണ്‍ ജോഹറിന് അദ്ദേഹത്തിന്റെ ആദ്യചിത്രമായ കുഛ് കുഛ് ഹോതാ ഹെയുടെ പ്രദർശനത്തിന് മുമ്പായി ഭീഷണി കോള്‍ ലഭിച്ചിരുന്നതായും അവർ പറഞ്ഞു.

