തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ടിവി അഭിമുഖത്തിൻ്റെ വീഡിയോ നീക്കം ചെയ്തത വിഷയത്തില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.വിഡി സതീശൻ്റെ അഭിമുഖം സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. മെറ്റയോട് ആവശ്യപ്പെട്ടത് മോശം കമൻ്റുകള്‍ നീക്കം ചെയ്യാനായിരുന്നു. എന്നാല്‍ അവർ അബദ്ധത്തില്‍ ആ വീഡിയോ തന്നെ നീക്കം ചെയ്തു രത്തൻ യു ഖേല്‍ഖർ വ്യക്തമാക്കി.
വീഡിയോ നീക്കം ചെയ്ത നടപടി ഉടൻ പിൻവലിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കവെയാണ് വിഡിയോ നീക്കം ചെയ്തത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെവന്ന കമൻ്റുകള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ സൈബർ പെട്രോളിങ്ങിൻ്റെ ഭാഗമായാണ് മെറ്റയോട് കമൻ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും രത്തൻ യു ഖേല്‍ഖർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈബർ പെട്രോളിങ്ങിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ എല്ലാ ജില്ലാ കളക്ടർമാരുടെ ഓഫീസുകളിലും പ്രവർത്തിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥർ ഇത്തരത്തില്‍ എല്ലാ പ്രവർത്തികളും നിരീക്ഷിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തില്‍ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് രേഖപ്പെടുത്തിയത്. മനോരമ ന്യൂസിന് കൊടുത്ത ഇൻ്റര്‍വ്യൂ പോലീസ് ആവശ്യപ്പെട്ടിട്ട് മെറ്റ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ആ ഇൻ്റര്വ്യൂവിനെ പോലും ഇവര്‍ ഭയപ്പെടുകയാണ്. എന്തിനാണ് ഇത്രയും ഭയക്കുന്നത്? എത്ര നേതാക്കളാണ് തെരഞ്ഞെടുപ്പ് കാലത്ത് അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇൻ്റര്‍വ്യൂ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പോലീസിന് എന്ത് അവകാശമാണുള്ളതെന്നും വിഡി സതീശൻ ചോദിച്ചു.
രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇവിടെ ഭരിക്കുന്നത് ഭയമാണ്. എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവ് ഒരു ഇൻ്റര്‍വ്യൂ നല്കിയപ്പോള് അത് മാറ്റാന്‍ സ്വന്തം പോലീസിനെ കൊണ്ട് മെറ്റയോട് ശിപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്. കേരളത്തിലെ പോലീസ് മെറ്റയോട് ശിപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തിരഞ്ഞെടുപ്പ് കമ്മിഷനല്ല, പോലീസാണ് ശിപാര്‍ശ ചെയ്തതെന്നും സതീശൻ പറഞ്ഞു.
എല്ലാ ചെയ്തത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവിൻ്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

