പുതുപ്പള്ളി: സ്പോട്സിൻ്റെയും ടൂറിസത്തിൻ്റെയും കേന്ദ്രമാക്കി പുതുപ്പള്ളിയെ മാറ്റിത്തീർക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. പുതുപ്പള്ളി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തെ ഇടതുഭരണം പുതുപ്പള്ളിയുടെ വികസന സ്വപ്നങ്ങളെ തല്ലിക്കെടുത്തി. ഉമ്മൻ ചാണ്ടി തുടങ്ങി വച്ച പദ്ധതികൾ മരവിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ പേരിട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവും സ്തംഭനത്തിലായി. ഈ അവഗണനെതിരേ ജനം വിധിയെഴുതുന്ന തിരഞ്ഞെടുപ്പാകുമിതെന്ന് അദ്ദേഹം പറഞ്ഞു. തോട്ടയ്ക്കാട്ട് ആശുപത്രി കവലയിൽ നിന്ന് ആരംഭിച്ച പര്യടനം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. സംഭരിച്ച നെല്ലിൻ്റെ വില പോലും കൊടുക്കാതെ കർഷകരെ കടക്കെണിയിലാക്കിയ സർക്കാരാണിതെന്ന് എം പി പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും സംഭരിച്ച് ഒരാഴ്ചയ്ക്കകം നെല്ലിന് 40 രൂപ വച്ച് നൽകുമെന്നും ‘ അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് സാം കെ. വർക്കി അധ്യക്ഷനായി. കെപിസിസി ജന. സെക്രട്ടറി ജോഷി ഫിലിപ്പ്, കുഞ്ഞ് പുതുശേരി, വി.എ. മോഹൻദാസ്, സതീഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പുളിയ്ക്കാ ചിറ, നരിമറ്റം കവല, തച്ച കുന്ന്, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ എന്നീ കേന്ദ്രങ്ങളിൽ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങി വെന്നിമലയിലെത്തിയപ്പോൾ മഴ കനത്തെങ്കിലും പ്രവർത്തകരുടെ വീര്യം ചോർന്നില്ല. മഴയെ വക വയ്ക്കാതെ തുടർന്ന പര്യടനം പുമ്മറ്റം, പുതുപ്പള്ളി കവല തുടങ്ങി 33 കേന്ദ്രങ്ങൾ പിന്നിട്ട് കൊച്ചാലുംമൂടിൽ സമാപിച്ചു.











