കോട്ടയം : രാജ്യത്ത് എഫ് സി ആർ എ നിയമം നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ക്രൈസ്തവ സഭകൾക്കും ഒപ്പം ന്യൂന പക്ഷങ്ങൾക്കുമുള്ള ആശങ്ക ഏറെ വലുതാണെന്ന് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിവൈസ് പ്രസിഡന്റും ഡിസിസിയുടെ ചുമതല വഹിക്കുന്ന നാലംഗസമിതി അംഗവുമായ അഡ്വ ബിജു പുന്നത്താനം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിന്റെ കടക്കൽ കത്തിവെക്കുന്ന രാജ്യത്തെ ആശങ്കയിലാഴ്ത്തുന്ന സർക്കാർ നിലപാടുകൾക്കെതിരായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ അഭിപ്രായം പറയുമ്പോൾ അവരെ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കൾ സഭക്കും നാടിനും അപമാനമാണ്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന നിലപാടാണ് പി സി ജോർജിന്റെ സഭാതലവന്മാർക്കെതിരായുള്ള നിലപാടുകൾ. കേരളത്തിലെയും രാജ്യത്തെയും ക്രൈസ്തവ സമൂഹം ആരുടെയും ഔദാര്യത്തിലും തണലിലുമല്ല ഇവിടെ ജീവിക്കുന്നത്.ഈ രാജ്യത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കാളിത്തമുള്ള ക്രൈസ്തവസമൂഹം ഇതര മാതാവിഭാഗങ്ങൾക്കും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന വോട്ടുകൾക്കും മറ്റു ലാഭങ്ങൾക്കുമായി സഭയെയും സമുദായത്തേയും അവഹേളിക്കുകയും മറ്റു സമയങ്ങളിൽ സഭയുടെ സംരക്ഷകരാകുവാനും നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്. അഭിവന്ദ്യനായ പാലാ പിതാവിനെ സംരക്ഷിച്ചവർ എന്ന് വിളിച്ചു കൂവിനടക്കുന്നവർ ഒന്ന് മനസ്സിലാക്കണം പാലാ പിതാവിനും സഭക്കും സംരക്ഷണം നൽകുവാൻ പാലായിലെ ക്രൈസ്തവസമൂഹത്തിനും പാലായിലെ നാനാജാതി മതസ്ഥരായ ജനാവിഭാഗത്തിനും കരുത്തുണ്ട്.പാലായിൽ അരമനയിലേക്ക് ഏതാനും ചിലർ നടത്തിയ മാർച്ച് അരമനയുടെ ഏഴയലത്തുപോലും എത്തില്ലെന്നു ഏതു കുഞ്ഞിനും അറിവുള്ള കാര്യമായിരുന്നു.ആ സാഹചര്യത്തെപ്പോലും പൊതു സമൂഹത്തിനുമുമ്പിൽ സ്വന്തം രാഷ്ട്രീയലാഭത്തിനായി വളച്ചൊടിക്കുന്നതും സഭ മാറ്റാരുടെയോ ഒക്കെ സംരക്ഷണത്തിലാണ് എന്നരീതിയിലുള്ള പ്രചാരണവും അപഹാസ്യമാണ്. ഇതര മത വിശ്വാസികൾ പോലും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന അഭിവന്ദ്യരായ സഭാ പിതാക്കന്മാരെയും സഭയെയും അവഹേളിക്കുന്നവർക്ക് സമൂഹം ഈ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുമെന്നും കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിവൈസ് പ്രസിഡന്റും ഡിസിസിയുടെ ചുമതല വഹിക്കുന്ന നാലംഗസമിതി അംഗവുമായ അഡ്വ ബിജു പുന്നത്താനം പ്രസ്താവിച്ചു.

