അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ വണ്ടര്‍ ബോയ് ആയ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലണ്ട് മുൻ നായകനും ഗുജറാത്ത് ടൈറ്റൻസ് താരവുമായ ജോസ് ബട്‌ലർ. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് ബട്‌ലർ വൈഭവിനെക്കുറിച്ച് വാചാലനായത്.
രാജസ്ഥാൻ റോയല്‍സ് പുറത്തുവിട്ട വീഡിയോയില്‍, ടീം മാനേജർ റോമി ഭിന്ദറിനൊപ്പം വൈഭവിനോട് സംസാരിക്കവെയാണ് ബട്‌ലർ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. വൈഭവ് സൂര്യവംശിയുടെ നിർഭയമായ ബാറ്റിംഗ് ശൈലിയാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് ബട്‌ലർ പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇവന് 21-ഓ 25-ഓ വയസാകുമ്പോള്‍ ആലോചിച്ചു നോക്കൂ, ലോകം മുഴുവൻ ഇവന്‍റെ കാല്‍ക്കീഴിലാകുമെന്നും ബട്‌ലർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടി വൈഭവ് ഇംഗ്ലണ്ടിനെ കരയിച്ച കാര്യവും ബട്‌ലര്‍ ഓര്‍ത്തെടുത്തു. ബട്‌ലറെപ്പോലെ വലിയൊരു കരിയർ കെട്ടിപ്പടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് വൈഭവ് ഇതിനിടെ വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഗുവാഹത്തിയില്‍ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തില്‍ വെറും 17 പന്തില്‍ 52 റണ്‍സ് നേടി വൈഭവ് കരുത്ത് കാട്ടിയിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി ഉടമയും രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുടെ ഉടമയുമാണ് 15കാരനായ വൈഭവ്. ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയ ജോസ് ബട്‌ലർക്ക് ഈ സീസണില്‍ ഇതുവരെ തന്‍റെ സ്വാഭാവിക ഫോമിലേക്ക് ഉയരാനായിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 33 പന്തില്‍ 38 റണ്‍സെടുത്ത് ബട്‌ലര്‍ പുറത്തായിരുന്നു.

