സൗരയൂഥത്തിന് പുറത്തുള്ള 45 ഗ്രഹങ്ങൾ ഭൂമിയോട് സാമ്യമുള്ളതും ജീവിക്കാൻ അനുയോജ്യമായതും : പഠന റിപ്പോർട്ട് പുറത്ത്

കോർണല്‍: നമ്മുടെ സൗരയൂഥത്തിന് പുറത്തായി ആയിരക്കണക്കിന് ഗ്രഹങ്ങള്‍ നിലനില്‍ക്കുന്നുവെന്ന കാര്യം ശാസ്ത്രലോകം ഏറെക്കാലം മുമ്പേ തിരിച്ചറിഞ്ഞതാണ്. എന്നാല്‍, ഒരു ഗ്രഹം ഉണ്ടെന്നറിയുന്നതും അത് ജീവനെ പിന്തുണയ്ക്കാൻ കഴിയുമോ എന്നറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ ചോദ്യത്തിന് പുതിയ ദിശ നല്‍കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് കോർണല്‍ സർവകലാശാലയിലെ കാള്‍ സാഗൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ലിസ കാല്‍റ്റെനെഗർ നേതൃത്വം നല്‍കുന്ന ഗവേഷകസംഘം. സൗരയൂഥത്തിന് പുറത്തുള്ള 6,000ത്തില്‍ അധികം ഗ്രഹങ്ങളെ വിശദമായി പഠിച്ച്‌, അവയില്‍ 45 എണ്ണം ഭൂമിയോട് സാമ്യമുള്ളതും ജീവിക്കാൻ അനുയോജ്യമായ മേഖലയില്‍ ഉള്ളതുമാണെന്ന് ഈ സംഘം കണ്ടെത്തി.

Advertisements

45 എല്‍ത്ത്-ലൈക്ക് ഗ്രഹങ്ങള്‍ കണ്ടെത്തിയത് ഇങ്ങനെ
പഠനത്തിനായി ഇപ്പോള്‍ പ്രവർത്തനരഹിതമായ ഇഎസ്‌എ ഗയ ബഹിരാകാശ ദൗത്യത്തില്‍ നിന്നും നാസയുടെ എക്സോപ്ലാനറ്റ് ആർക്കൈവില്‍ നിന്നുമുള്ള വിവരങ്ങളും ഉപയോഗിച്ചു. ഓരോ ഗ്രഹവും അതിന്‍റെ നക്ഷത്രത്തില്‍ നിന്ന് എത്രത്തോളം ഊർജം ലഭിക്കുന്നു എന്നത് പരിശോധിച്ചാണ് അവയുടെ ഹാബിറ്റബിള്‍ സോണ്‍ സ്ഥാനം നിർണ്ണയിച്ചത്. ദ്രവജലം നിലനില്‍ക്കാൻ ആവശ്യമായ ഈ ഊർജത്തിന്‍റെ അളവാണ് ജീവന്‍റെ സാധ്യതകള്‍ നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഭൂമി ഈ മേഖലയില്‍ ആണെങ്കിലും ശുക്രനും ചൊവ്വയും അതിന്‍റെ അതിരുകളിലാണ്. ഈ മാനദണ്ഡങ്ങള്‍ മറ്റ് നക്ഷത്ര സമൂഹങ്ങളില്‍ പ്രയോഗിച്ചപ്പോള്‍ 45 ഗ്രഹങ്ങള്‍ വിപുലമായ ഹാബിറ്റബിള്‍ സോണിലും, 24 എണ്ണം കൂടുതല്‍ കർശനമായ പരിധിയിലും ഉള്‍പ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാനമായ കണ്ടെത്തലുകളില്‍, ഏകദേശം 40 പ്രകാശവർഷം അകലെയുള്ള TRAPPIST-1 നക്ഷത്രസംവിധാനത്തിലെ ഗ്രഹങ്ങള്‍ ശ്രദ്ധേയമാണ്. ഗവേഷണസംഘത്തിലെ മുഖ്യ ഗവേഷകരില്‍ ഒരാളായ ഗില്ലിസ് ലൗറി TRAPPIST-1 e, TOI-715 b എന്നീ ഗ്രഹങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. TOI-715 b ഒരു സൂപ്പർ-എർത്ത് ആയി കണക്കാക്കപ്പെടുന്നു. കൂടാതെ പ്രോക്‌സിമ സെഞ്ച്വറി ബി, LHS 1140 b എന്നീ ഗ്രഹങ്ങളും ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ഗ്രഹങ്ങളെ കൂടുതല്‍ അടുത്തറിയാൻ ജെയിംസ് വെബ് സ്‍പേസ് ടെലിസ്‍കോപ്പ്, എക്‌സ്‌ട്രീംലി ലാർജ് ടെലിസ്കോപ്പ്, ഹാബിറ്റബിള്‍ വേള്‍ഡ്‍സ് ഒബ്‍സർവേറ്ററി തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ നിരീക്ഷണം പുരോഗമിക്കുകയാണ്. ഹാബിറ്റബിള്‍ സോണില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് മാത്രം ഒരു ഗ്രഹത്തില്‍ ജീവൻ ഉണ്ടെന്നു ഉറപ്പിക്കാൻ കഴിയില്ലെങ്കിലും മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യങ്ങളില്‍ ഒന്നായ “നമ്മള്‍ മാത്രം ആണോ?” എന്നതിന് ഉത്തരം കണ്ടെത്താനുള്ള നിർണായക തുടക്കമാണിത്.

Hot Topics

Related Articles