തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ എട്ട് അംഗ സംഘം തലസ്ഥാന നഗരമായ തിരുവനന്തപുരത്തെത്തി. ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ സംഘം സന്ദർശിച്ചു. വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ ജി.എച്ച്.എസ് സ്കൂളില്‍ ക്രമീകരിച്ച നേമം മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ എത്തിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങള്‍ക്ക് പുറമേ കണ്‍ട്രോള്‍ റൂമുകളും സംഘം സന്ദർശിച്ചു.
ഇന്റർനാഷണല്‍ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളില്‍ നിന്നുള്ള പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിയത്. സിയേറലിയോണില്‍ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയില്‍ നിന്നുള്ള ഷാലോണ്‍ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെല്‍ജിയത്തില്‍ നിന്നുള്ള സോയ് വാൻ ലാൻഡ്‌സ്കോട്ട്, സീഷെല്‍സില്‍ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അല്‍ബേനിയയില്‍ നിന്നുള്ള ലെഡിയോ ബ്രാഹോ, എല്‍വിസ് സെഫ എന്നിവരാണ് വോട്ടെടുപ്പ് നിരീക്ഷിക്കാൻ എത്തിയ സംഘത്തില്‍ ഉള്ളത്. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 9ന് തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളില്‍ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകള്‍ നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം എറണാകുളം ജില്ലയിലും എത്തിയിട്ടുണ്ട്. എസ്.ആർ.വി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സംഘം സന്ദർശിച്ചു. ഇൻ്റർനാഷ്ണല്‍ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവരുടെയും സന്ദർശനം.

