തിരുവനന്തപുരത്ത് സംഘം ചേർന്ന് വീടുകയറി ആക്രമണം: എട്ടു പേർ അറസ്റ്റിൽ 

തിരുവനന്തപുരം: സംഘം ചേർന്ന് വീടുകയറി ആക്രമണം നടത്തിയ കേസില്‍ എട്ടുപേർ അറസ്റ്റില്‍. മുദാക്കല്‍ ചെമ്ബൂരില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവരെ ആക്രമിച്ച കേസില്‍ വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാല്‍, സൂരജ്, ശ്യാംലാല്‍, വിഷ്ണുലാല്‍, ഭദ്രൻ, സന്തോഷ്‌, അനന്ദു, കിരണ്‍ എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാജിന്‍റെ സുഹൃത്തായ ആദർശും ഒന്നാം പ്രതിയായ അനീഷ് ലാലിന്‍റെ മകനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Advertisements

പരാതിക്കാരനും സുഹൃത്തായ അജിത്തും ആദർശിന്‍റെ പക്ഷം പിടിച്ചതാണ് പ്രതികളുടെ വിരോധത്തിന് കാരണം. തുടർന്ന് ഞായറാഴ്ച രാത്രി 8.15ഓടെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികള്‍ വെട്ടുകത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളുമായി വീടിന്‍റെ മുൻവശത്തെ ഗ്രില്‍ തകർത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂവർക്കും ഗുരുതരമായി പരിക്കേറ്റു. ചുറ്റികകൊണ്ട് മുഖത്ത് അടിയേറ്റ് താഴെ വീണയാളെ വെട്ടുകത്തി ഉപയോഗിച്ച്‌ ആക്രമിച്ചു.വീട്ടില്‍ ഉണ്ടായിരുന്ന ശ്രീരാജിന്‍റെ സുഹൃത്തുക്കളായ അജിത്തിനെയും ആദർശിനെയും മറ്റ് പ്രതികള്‍ തടഞ്ഞുവച്ച്‌ മർദ്ദിച്ചു. ആദർശിന്‍റെ ഇടത് കാലില്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റതായും അജിത്തിന് തലയില്‍ പരിക്കേറ്റതായും പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles