സൈബർ സുരക്ഷയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തി; ‘ക്ലോഡ് മൈഥോസ് പ്രിവ്യൂ’  ടെക് മേഖലയിൽ ചർച്ചയാകുന്നു 

ഫ്രാൻസിസ്കോ ആസ്ഥാനമായ ആൻത്രോപിക് വികസിപ്പിച്ച പുതിയ സൈബർ സുരക്ഷാ എഐ മോഡല്‍ ‘ക്ലോഡ് മൈഥോസ് പ്രിവ്യൂ’ ടെക് മേഖലയില്‍ വലിയ ചർച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. വെറും 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിച്ച ഈ മോഡല്‍, സൈബർ സുരക്ഷാ രംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേകിച്ച്‌ വലിയ കോഡ്‌ ബേസുകളില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ സുരക്ഷാ ദൗർബല്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഇതിന് അസാധാരണ കഴിവുണ്ട് എന്നാണ് വിലയിരുത്തല്‍.

Advertisements

ക്ലോഡ് മൈഥോസ് പല പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെയും വെബ് ബ്രൗസറുകളിലെയും ആയിരക്കണക്കിന് ഗുരുതര ദൗർബല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് ആന്ത്രോപിക്ക് പറയുന്നു. ഇത് ശരിയാണെങ്കില്‍, ആഗോള സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഈ മോഡലിന്റെ ശക്തി കണക്കിലെടുത്ത്, പൊതുജനങ്ങള്‍ക്ക് ഇത് ഇപ്പോള്‍ ലഭ്യമാക്കിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോള്‍ ഈ മോഡല്‍ പ്രൊജക്റ്റ് ഗ്ലാസ്വിംഗ് എന്ന പദ്ധതിയിലെ തിരഞ്ഞെടുത്ത പങ്കാളികള്‍ക്ക് മാത്രമാണ് ആന്ത്രോപിക്ക് ലഭ്യമാക്കിയത്. ഇതില്‍ ആമസോണ്‍ വെബ് സർവീസസ് (AWS), ആപ്പിള്‍, ബ്രോഡ്‌കോം, സിസ്‌കോ, ക്രൗഡ്‌സ്ട്രൈക്ക്, ഗൂഗിള്‍, ജെപി മോർഗൻചേസ്, ലിനക്സ് ഫൗണ്ടേഷൻ, മൈക്രോസോഫ്റ്റ്, എൻവിഡിയ, പാലോ ആള്‍ട്ടോ എന്നിവ ഉള്‍പ്പെടുന്നു. മോഡലിലേക്ക് പ്രവേശനം നേടുന്നതിനായി മിക്കവാറും എല്ലാ പ്രമുഖ ടെക് കോർപ്പറേഷനുകളും ആന്ത്രോപിക്കുമായി കൈകോർത്തിട്ടുണ്ട്. എന്നാല്‍, ഇവർക്ക് ഈ മോഡല്‍ ഉപയോഗിക്കാൻ അനുവാദമുള്ളത് പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ്. മറ്റ് സിസ്റ്റങ്ങളിലേക്ക് ആക്രമണം നടത്താൻ ഇതിനെ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

പരീക്ഷണങ്ങളില്‍ ക്ലോഡ് മൈഥോസ് അതിശയകരമായ പ്രകടനം കാഴ്ചവെച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സൈബെഞ്ച് എന്ന സൈബർ സുരക്ഷാ ബെഞ്ച്മാർക്കില്‍ ഇത് 100 ശതമാനം മാർക്ക് നേടി. ഇതുവരെ ഒരു എഐ മോഡലും കൈവരിക്കാത്ത നേട്ടമാണ് ഇത്. കൂടാതെ, ഫയർഫോക്സ് ബ്രൗസറില്‍ മുമ്പ് കണ്ടെത്താത്ത സുരക്ഷാ പ്രശ്നങ്ങളും ക്ലോഡ് മൈഥോസ് കണ്ടെത്തിയതായി ആൻത്രോപിക് വെളിപ്പെടുത്തി.

അതേസമയം, ഈ മോഡലിന്റെ കഴിവുകള്‍ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. തെറ്റായ ആളുകളുടെ കയ്യില്‍ എത്തിയാല്‍ വലിയ സൈബർ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കാൻ സാധ്യത ഉണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, മോഡല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തതാണെന്ന് കമ്പനി വ്യക്തമാക്കുന്നു. എങ്കിലും, ഇത്രയും ശക്തമായ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തില്‍ തുടരുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. ഭാവിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles