മുംബൈ : പഞ്ചാബ് കിംഗ്സിനെതിരെ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ ടീമിന്റെ പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ സീസണ് കൂടുതല്‍ പ്രതിസന്ധിയിലായി. ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കും എന്നാണ് പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ഹർദിക് പാണ്ഡ്യ പ്രതികരിച്ചത്.
തോല്‍വിക്ക് ശേഷം സംസാരിച്ച ഹാർദിക് പാണ്ഡ്യ തികച്ചും തന്റെ അസ്വസ്ഥത മറച്ചുവെച്ചില്ല. “സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് അധികമൊന്നും പറയാനില്ല. ഞങ്ങള്‍ എവിടെയാണ് പരാജയപ്പെടുന്നത് എന്ന് പരിശോധിക്കാൻ വീണ്ടും ഡ്രോയിംഗ് ബോർഡിലേക്ക് മടങ്ങേണ്ടതുണ്ട്. ഇത് വ്യക്തിഗതമായ പിഴവാണോ, ടീമിന്റെ പരാജയമാണോ, അതോ പ്ലാനിംഗില്‍ വന്ന പാളിച്ചയാണോ എന്ന് ഞങ്ങള്‍ക്ക് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്,” ഹർദിക് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്ത തീരുമാനങ്ങള്‍ക്ക് സമയമായി
ടീമിലെ ചില മാറ്റങ്ങളെക്കുറിച്ച് ഹാർദിക് പാണ്ഡ്യ സൂചന നല്കി. “ചില കടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കേണ്ടതുണ്ടോ, അതോ ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോയി ഭാഗ്യം തുണയ്ക്കും എന്ന് കരുതിയിരിക്കണമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനുള്ള ഉത്തരങ്ങള്‍ ഉടൻ കണ്ടെത്തണം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാൻ എല്ലാവരും തയ്യാറായേ പറ്റൂ,” ഹർദിക് കൂട്ടിച്ചേർത്തു.
പഞ്ചാബ് കിംഗ്സിന് കയ്യടി
പഞ്ചാബ് കിംഗ്സ് എല്ലാ മേഖലയിലും തങ്ങളേക്കാള്‍ മുന്നിലായിരുന്നുവെന്ന് ഹാർദിക് സമ്മതിച്ചു. “അവർക്ക് എല്ലാ ക്രെഡിറ്റും നല്കുന്നു. അവർ മികച്ച രീതിയില്‍ പന്തെറിഞ്ഞു, മികച്ച രീതിയില്‍ ബാറ്റ് ചെയ്തു, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍ അവർ വളരെ മുന്നിലായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ മഞ്ഞുവീഴ്ച വന്നെങ്കിലും പഞ്ചാബ് പൂർണ്ണമായും ഞങ്ങളെ കടത്തിവെട്ടി,” ഹാർദിക് വ്യക്തമാക്കി.
ബാറ്റിംഗിലെയും ബൗളിംഗിലെയും പാളിച്ചകള്‍
ക്വിന്റണ്‍ ഡി കോക്കിന്റെ തകർപ്പൻ സെഞ്ചുറി ഉണ്ടായിട്ടും മറ്റാർക്കും പിന്തുണ നല്കാൻ കഴിയാത്തതിനെ ഹാർദിക് വിമർശിച്ചു. ഹാർദിക് തന്നെ 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് നേടിയത്. ബൗളിംഗില്‍ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര 41 റണ്‍സും ശാർദുല്‍ താക്കൂർ 42 റണ്‍സും വഴങ്ങിയത് മുംബൈക്ക് തിരിച്ചടിയായി.
നിലവില്‍ 5 മത്സരങ്ങളില്‍ 4 തോല്‍വികളുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ കടുത്ത മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഹർദിക്കിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

