കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയാവുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഇഎംഎസ് നമ്പൂതിരിപ്പാടിന് ആകാമെങ്കില്‍, നായനാർക്കും വിഎസിനും ആകാമെങ്കില്‍, പട്ടത്തിനും ആർ.ശങ്കറിനും അച്ച്‌യുതമേനോനും കരുണാകരനും പികെവിക്കും സിഎച്ചിനും എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ആകാമെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും ആകാം. യുഡിഎഫ് തീരുമാനിക്കുന്ന ആള്‍ മുഖ്യമന്ത്രി ആകും. ആകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാർക്‌സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നല്‍കണം. അല്ലെങ്കില്‍ എകെജി സെന്റർ മാരാർജി ഭവന്റെ ബ്രാഞ്ച് ആപ്പീസാക്കി മാറുമെന്നും ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനെന്താ? ഇഎംഎസ് നമ്പൂതിരിപ്പാടിന് ആകാമെങ്കില്‍, നായനാർക്കും വിഎസിനും ആകാമെങ്കില്‍, പട്ടത്തിനും ആർ.ശങ്കറിനും അച്ച്‌യുതമേനോനും കരുണാകരനും പികെവിക്കും സിഎച്ചിനും എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ആകാമെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും ആകാം. യുഡിഎഫ് തീരുമാനിക്കുന്ന ആള്‍ മുഖ്യമന്ത്രി ആകും. ആകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാർക്‌സിസ്റ്റ് മനോരോഗത്തിന് അടിയന്തിര ചികിത്സ നല്‍കണം. അല്ലെങ്കില്‍ എകെജി സെന്റർ മാരാർജി ഭവന്റെ ബ്രാഞ്ച് ആപ്പീസായി മാറും.
ഭരണകർത്താവിന്റെ മതം ചികയുന്ന സിപിഎം ഒരു കാര്യമോർക്കണം. ഇപ്പോഴും എല്ലാ വിഭാഗം മനുഷ്യർക്കും മുഖ്യമന്ത്രി കസേരയിലെത്താൻ സാധ്യതയുള്ള ഒരേയൊരു പ്ലാറ്റ്‌ഫോം യുഡിഎഫ് മാത്രമാണ്. ഞങ്ങള്‍ തെരഞ്ഞെടുക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്‌ലിമിന്റെയോ മാത്രം മുഖ്യമന്ത്രിയെ അല്ല. ഭരണകാലത്ത് സംഘിനിലപാടുകള്‍ ഒരുപാട് ഉണ്ടെങ്കിലും പിണറായി വിജയനെ ഞങ്ങള്‍ ഹിന്ദു മുഖ്യമന്ത്രി ആയല്ല കണ്ടതും. കേരളത്തിന് പുറത്തൊക്കെ ഇൻഡ്യ മുന്നണിയുടെ ഭാഗമായ മുസ്‌ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റ് പടികയറിയിട്ട് ഒരുവക മണ്ഡരിത്തേങ്ങാ വർത്തമാനം പറയരുത് മാർക്‌സിസ്റ്റ് നേതാക്കള്‍. ഒരു ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയന്റെ തുല്യ അവകാശമുണ്ട് ഏതൊരു സ്ഥാനത്തുമെത്താൻ. നിങ്ങള്‍ ഉറക്കത്തില്‍ ഭരണനഷ്ടം സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതിന്റെ പഴി എന്തിനാ മുസ്‌ലിംകളുടെ തലയില്‍ ചാരുന്നത്? കയ്യിലിരുപ്പ് മോശമായി കാരണഭൂതൻ തോല്‍ക്കുന്നതിന്റെ വിഭ്രാന്തിക്ക് മരുന്ന് മതേതരബോധത്തിന്റെ ബാലപാഠം മാത്രമാണ് ബാലൻ സഖാവേ.
എന്തായാലും യുഡിഎഫിന്റെ മുഖ്യമന്ത്രി വരുമെന്ന് ബാലേട്ടനും ഉറപ്പിച്ച സ്ഥിതിക്ക് ആ ബ്രണ്ണൻ തള്ളുകാരനെ പ്രതിപക്ഷ നേതാവാക്കുമല്ലോ അല്ലേ. ഈ മുതലിനെ ക്ലിഫ് ഹൗസില്‍ നിന്ന് തിരികെ എടുക്കാൻ ബാലൻ സഖാവിന്റെ നേതൃത്വത്തില്‍ മ്യൂസിയത്തില്‍ വച്ച് ഖജനാവിലേക്ക് പണം വരുത്തുന്ന നവകേരള ബസ് തന്നെ എടുക്കണം കേട്ടോ. കൂട്ടത്തില്‍ അന്നുണ്ടായിരുന്ന സഹയാത്രികരെ കൂടിയങ്ങ് എടുക്കാൻ മറക്കരുത്.
വന്നുവന്ന് മാർക്‌സിസ്റ്റ് നേതാക്കള്‍ക്ക് ജലദോഷം വന്നാല്‍ പോലും സൈ്വര്യക്കേട് ജമാഅത്തെ ഇസ്‌ലാമിക്കാണ്. അത്രക്കുണ്ട് ഈ പിണറായിസ്റ്റ് വക്താക്കളുടെ മതേതരബോധം! മൂന്ന് പതിറ്റാണ്ടിലധികം അവരുടെ പിന്തുണ വാങ്ങി വീമ്പിളക്കിയപ്പോള്‍ പലഹാരമായിരുന്നതൊക്കെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പറഞ്ഞു തുടങ്ങിയതില്‍പ്പിന്നെ തുള്ളല്‍പ്പനിക്കുള്ള പേടിസ്വപ്നമാണ്. ഇനിയും മതനിരപേക്ഷ വാദിയാണെന്ന് ആരൊക്കെയോ അലങ്കരിക്കുന്ന എം.സ്വരാജൊക്കെ സത്യാനന്തര ഗുണമേന്മ ചികയുന്ന കാലത്താണ് ഈമാതിരി ബാലമാർ വർഗീയതയുടെ ഛർദ്ദില്‍ ചെങ്കൊടിയില്‍ പൊതിഞ്ഞുകെട്ടി സംഘപരിവാറിന് കാണിക്കത്തളിക ഒരുക്കുന്നത്. ചുറ്റുപാടും മൈക്രോസ്‌കോപ്പ് വച്ച് പരിശോധന നടത്തുന്ന തിരക്കിനിടയില്‍ സ്വരാജ് സഖാവിന് സ്വന്തം ഉമ്മറത്ത് പാവിരിച്ചിട്ടിരുന്നുള്ള ഇത്തരം വിദ്വേഷ വർഗീയ കോളാമ്പി വിളംബരങ്ങള്‍ കാണാൻ നേരമുണ്ടാകില്ല. ഏകപക്ഷീയ കണ്ണടയുടെ കുഴപ്പമാകും. എന്നാലും ബേബി സഖാവേ ആരുമില്ലേ അവിടെ ബാലനും വിജയരാഘവനും പോലുള്ള ഈ അസ്ഥിരബുദ്ധികളുടെ തലയില്‍ മരുന്നുതളം കെട്ടാൻ? ബ്രാഞ്ച് മുതല്‍ പിബി വരെ സംഘികള്‍ ചുടലനൃത്തം ചവിട്ടുന്നതിന് വീശി വീശി ചെങ്കൊടിക്ക് ഇപ്പോള്‍ നിറം കാവിച്ഛായയാണ്. ഇടക്കൊന്ന് കേരളത്തിലോട്ടും കണ്ണോടിക്കണേ ബേബി സഖാവേ.

